രാജ്യത്തെ ഏറ്റവും വലിയ ഓഹരി നിക്ഷേപകരിലൊരാളും വ്യവസായ പ്രമുഖനുമായ രാകേഷ് ജുന്‍ ജുന്‍വാല അന്തരിച്ചു. ജുന്‍ജുന്‍വാലയുടെ ഉടമസ്ഥതയിലുള്ള ആകാസ എയറിന്റെ ആദ്യ സര്‍വീസ് കഴിഞ്ഞ ദിവസം നടന്നിരുന്നു. അന്നാണ് അദ്ദേഹം അവസാനമായി പൊതുചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ സ്വപ്‌ന പദ്ധതിയായിരുന്ന ആകാസ എയര്‍ പറന്നുയര്‍ന്ന് ദിവസങ്ങള്‍ക്കുള്ളിലുള്ള ജുന്‍ജുന്‍വാലയുടെ വിയോഗം ഞെട്ടലോടെയാണ് ബിസിനസ് ലോകം സ്വീകരിച്ചത്.
ആഗസ്റ്റ് ഏഴിനായിരുന്നു അഹമ്മദാബാദ്-മുംബൈ റൂട്ടിലെ ആകാശ എയറിന്റെ ആദ്യ സര്‍വീസ്. ആഗസ്റ്റ് 12ന് കൊച്ചി-ബംഗളൂരു റൂട്ടിലും സര്‍വീസ് ആരംഭിച്ചിരുന്നു. ഇന്ത്യന്‍ വ്യോമയാന മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് പുതിയ വിമാന കമ്പനിയെന്ന ആശയവുമായി രാകേഷ് ജുന്‍ജുന്‍വല രംഗത്തെത്തിയത്. പലതരത്തിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും തന്റെ നിശ്ചയദാര്‍ഢ്യത്തില്‍ നിന്നും പിന്മാറാന്‍ ജുന്‍ജുന്‍വാല ഒരുക്കമായിരുന്നില്ല. ഒടുവില്‍ ഇന്ത്യയിലെ സാധാരാണക്കാരന് വേണ്ടിയുളള വിമാന കമ്പനിയെന്നനിലയില്‍ ആകാശ എയര്‍ പറന്നുയര്‍ന്നു.
ഹവായ് ചെരുപ്പുകാരേയും വിമാനത്തില്‍ കയറ്റുകയെന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിനൊപ്പം തങ്ങളുണ്ടാവുമെന്ന് ആകാശ എയര്‍ വ്യക്തമാക്കിയിരുന്നു. നിക്ഷേപിക്കാന്‍ നിരവധി മേഖലകളുണ്ടായിട്ടും ഇന്ത്യന്‍ വ്യോമയാനമേഖലയില്‍ തന്നെ പണമിറക്കാനുള്ള ജുന്‍ജുന്‍വാലയുടെ തീരുമാനം ഒരു ചൂതാട്ടം തന്നെയായിരുന്നു. എയര്‍ ഇന്ത്യയടക്കമുള്ള വമ്പന്‍മാര്‍ക്ക് വരെ അടിതെറ്റിയ മേഖലയിലേക്കായിരുന്നു ജുന്‍ജുന്‍വാലയുടെ ചുവടുവെപ്പ്. ഒടുവില്‍ സ്വപ്നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് ജുന്‍ജുന്‍വാല മടങ്ങുമ്പോള്‍ ആകാശ എയറിന്റെ ഭാവി സംബന്ധിച്ചും ആശങ്കകള്‍ ഉയരുകയാണ്.