വിനീതയ്ക്കും ഷുഗറിനുമുണ്ട് മാധൂര്യമുള്ളൊരു വിജയഗാഥ

0
86

സ്ത്രീകള്‍ക്ക് സബ്സ്‌ക്രിപ്ഷനില്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നല്‍കുന്ന ഫാബ് ബാഗില്‍ നിന്നായിരുന്നു വിനീത സിങ് എന്ന വനിതാ സംരംഭകയുടെ തുടക്കം. 2012 മുതല്‍ കോസ്മെറ്റിക്സ് വിപണിയെ കുറിച്ചുള്ള പഠനത്തിലായിരുന്നു വിനീത. ഇന്ത്യക്കാരുടെ സ്‌കിന്‍ടോണിന് ചേര്‍ന്ന കോസ്മെറ്റിക്കുകള്‍ വിപണിയിലെത്തിക്കുന്ന കമ്പനികള്‍ വളരെ ചുരുക്കമാണെന്ന് വിനീത ഇക്കാലം കൊണ്ട് തിരിച്ചറിഞ്ഞു. അങ്ങനെ 2015ല്‍ ഭര്‍ത്താവ് കൗശിക് മുഖര്‍ജിയുമായി ചേര്‍ന്ന് ഷുഗര്‍ കോസ്മെറ്റിക്സിന് രൂപം നല്‍കി. ഓണ്‍ലൈന്‍ വഴിയായിരുന്നു തുടക്കത്തില്‍ വില്‍പന. അതുകൊണ്ടു തന്നെ പലരും പറഞ്ഞു വിനീതയുടെ സംരംഭം മുന്നോട്ട് പോകില്ലെന്ന്. വമ്പന്‍ കമ്പനികളുമായി മത്സരിക്കാന്‍ വിനീതയ്ക്കും കൂട്ടര്‍ക്കും സാധിക്കില്ലെന്നും വിധിയെഴുതി. എന്നാല്‍ അവര്‍ തോറ്റ് പിന്മാറിയില്ല. ഒടുവില്‍ 2017ല്‍ ഇന്ത്യ കോഷ്യന്റ്, ആര്‍ബി ഇന്‍വെസ്റ്റ്മെന്റ്സ് എന്നിവര്‍ നിക്ഷേപം നടത്താന്‍ മുന്നോട്ട് വന്നു. ഓണ്‍ലൈന്‍ ഇന്‍ഫ്ളുവന്‍സര്‍മാരുമായുള്ള കൂട്ടുകെട്ടിലൂടെ വിപണിയില്‍ നിറസാന്നിധ്യമായി. ഏഴ് വര്‍ഷം കൊണ്ട് 700 ഓഫ്ലൈന്‍ സ്റ്റോറുകളും അനേകം ഓണ്‍ലൈന്‍ സ്റ്റോറുകളും കമ്പനി പടുത്തുയര്‍ത്തി. അഞ്ഞൂറു കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. രണ്ട് ഐഐഎം പൂര്‍വവിദ്യാര്‍ഥികള്‍ ചേര്‍ന്ന് തുടങ്ങിയ കമ്പനിയുടെ ഇന്നത്തെ ലക്ഷ്യം ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സാന്നിധ്യമറിയിക്കുകയാണ്.