യുപിഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ലെന്നു വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയം. അത്തരം പദ്ധതികള്‍ ആലോചനയിലില്ലെന്നും മന്ത്രാലയം അറിയിച്ചു.
യുപിഐ ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ധനമന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വിശദീകരണം നല്‍കിയത്. ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള സാധ്യതയെക്കുറിച്ച് റിസര്‍വ് ബാങ്ക് ഓഹരിയുടമകളുടെ അഭിപ്രായം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
”യുപിഐ പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദവും സമ്പദ് വ്യവസ്ഥയ്ക്ക് വളര്‍ച്ചയും നല്കുന്ന ഡിജിറ്റല്‍ പൊതു സേവനമാണ്. യുപിഐ സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നില്ല,” ധനമന്ത്രാലയം ഞായറാഴ്ച രാത്രി ഔദ്യോഗിക ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തു. സേവന ദാതാക്കള്‍ ചെലവ് സംബന്ധിച്ച ആശങ്കകള്‍ മറ്റ് മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.