ഓണാഘോഷം സെപ്റ്റംബര്‍ ആറു മുതല്‍ 12 വരെ ജില്ലയില്‍ ജനപങ്കളിത്തത്തോടെ വിപുലമായി സംഘടിപ്പിക്കുന്നതിന് സംഘടാക സമിതി രൂപീകരിച്ചു. ഇക്കുറി ഓണാഘോഷം ഗംഭീരമാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ജില്ലയിലെ ടൂറിസം വാരാഘോഷത്തിന്റെ ഉദ്ഘാടനവും തുടര്‍പരിപാടികളും വിപുലമായ ജനപങ്കാളിത്തത്തോടെ ആഘോഷമാക്കുവാനാണ് സംഘാടകസമിതി തീരുമാനിച്ചിട്ടുള്ളത്. കലാകായിക മല്‍സരങ്ങള്‍, വടംവലി മല്‍സരം, പുലികളി, അത്തപ്പൂക്കള മല്‍സരം, പ്രാദേശിക കലാകാരന്മാര്‍ക്കുള്ള മല്‍സരങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. സി. ഡി എസ്, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, ഹരിത സേന, അംഗന്‍വാടി ജീവനക്കാര്‍ എന്നിവരുടെ സജീവ പങ്കാളിത്തം ഓണാഘോഷറാലിയില്‍ ഉറപ്പുവരുത്താനും യോഗത്തില്‍ തീരുമാനമായി.
ചെറുതോണി ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.ടി.പി.സി അധികൃതര്‍, ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വ്യാപാരി സംഘടന പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍ സന്നദ്ധസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായാണ് സംഘാടക സമിതി രൂപീകരിച്ചത്.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംഘാടക സമിതിയെയും വിവിധ ഉപസമിതികളെയും തെരെഞ്ഞെടുത്തു. ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ് പദ്ധതി വിശദീകരിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കുകയും ചെയ്തു. വിവിധ ഉപസമിതികളിലെ ചര്‍ച്ചകള്‍ക്ക് ശേഷം ആഗസ്റ്റ് 25 ന് രാവിലെ 11 ന് ടൗണ്‍ഹാളില്‍ ജനറല്‍ കമ്മറ്റി യോഗം ചേര്‍ന്ന് പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കാനും യോഗത്തില്‍ ധാരണയായി