മണിരത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന തമിഴ് മള്‍ട്ടി സ്റ്റാര്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ കേരള വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരനാണ് ചിത്രത്തിന്റെ നിര്‍മാണം. രണ്ട് ഭാഗങ്ങളായി മെഗാ ബഡ്ജറ്റില്‍ ചിത്രീകരിച്ച ചിത്രം സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യും. 500 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ പോലൊരു സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്‍ പറഞ്ഞു. കേരളത്തിലെ 250 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ലൈഗര്‍, കോബ്ര, പത്തൊന്‍പതാം നൂറ്റാണ്ട് തുടങ്ങിയ പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ശേഷം പൊന്നിയിന്‍ സെല്‍വനെ കേരളത്തിലേക്ക് എത്തിക്കുകയാണ് ഗോകുലം മൂവീസ്.
ചിത്രത്തില്‍ വിക്രം, ഐശ്വര്യ റായി, കാര്‍ത്തി, ജയംരവി, പ്രഭു, ശരത് കുമാര്‍, പ്രകാശ് രാജ്, തൃഷ, വിക്രം പ്രഭു തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എ.ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ഗാനങ്ങളെല്ലാം ഇതിനകം പാന്‍ ഇന്ത്യന്‍ ഹിറ്റാണ്.