നേരിട്ടുള്ള വിദേശനിക്ഷേപങ്ങളും വലിയ പാരിതോഷികങ്ങളും സംഭാവനകളും സ്വീകരിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു.
കമ്പനികള്‍ക്കും കുടുംബ ബിസിനസുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ നിയമം ഒരുപോലെ ബാധകമാകും. തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്ന നിയമങ്ങള്‍ അനുസരിച്ച് ODI, OPI (അതായത് ലിസ്റ്റ് ചെയ്യാത്ത വിദേശ സ്ഥാപനങ്ങളിലെ നിക്ഷേപത്തിനും ലിസ്റ്റ് ചെയ്ത വിദേശ സ്ഥാപനങ്ങളില്‍ 10 ശതമാനത്തിലധികം നിക്ഷേപം നടത്തുന്നതിനുമുള്ള വ്യവസ്ഥകള്‍)എന്നിവ വ്യത്യസ്തമാക്കി.
ബാങ്ക്, ഇന്‍ഷുറന്‍സ്, ബാങ്കിതര ധനകാര്യ കമ്പനി, സര്‍ക്കാര്‍ സ്ഥാപനം എന്നിവയൊഴികെ രാജ്യത്തെ മറ്റൊരു സ്ഥാപനത്തിനും വിദേശ കമ്പനികളുമായി സാമ്പത്തിക പ്രതിബദ്ധത പാടില്ലെന്നും വ്യവസ്ഥയുണ്ട്. രാജ്യത്ത് നിക്ഷേപം നടത്തിയിട്ടുള്ളതോ നടത്താത്തതോ ആയ സ്ഥാപനങ്ങളുമായി ഇത്തരം ബാധ്യത ഉണ്ടാകരുതെന്നും വ്യവസ്ഥയില്‍ പറയുന്നു. റൗണ്ട് ട്രിപ്പിംഗ് ഘടനകള്‍ക്ക് ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ആവശ്യമില്ല. 2 ലെവല്‍ സബ്സിഡിയറികള്‍ ഇല്ലാത്ത കമ്പനികള്‍ക്കാണ് ഇതെന്നും നിയമത്തില്‍ പറയുന്നു.
രാജ്യത്തെ ഏതെങ്കിലും സ്ഥാപനമോ മറ്റോ സ്വീകരിച്ച വിദേശ നിക്ഷേപം തിരികെ വാങ്ങുന്നതിന് വിലക്കില്ല. ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതിയും ആവശ്യമില്ല. വിദേശ ഓഹരികള്‍ ഇനി ബന്ധുക്കള്ക്കുമാത്രമെ സമ്മാനമായി നല്കാന് കഴിയൂ. നേരത്തെ, ഇന്ത്യക്കാരായ ആര്‍ക്കും വിദേശ ഓഹരികള്‍ സമ്മാനമായി നല്‍കാമായിരുന്നു.
വിദേശത്തുള്ള നിക്ഷേപങ്ങള്‍, സ്വത്തുക്കള്‍, ഡൊണേഷനുകള്‍ എന്നിവ ഏറ്റെടുക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും വിദേശ വിനിയ നിയമ(ഫെമ)പ്രകാരമുള്ള വ്യവസ്ഥകള്‍ തുടര്‍ന്നും ബാധകമാണ്. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് ആര്ബിഐക്കാണ് ചുമതല.