ആകാശ എയറില്‍നിന്ന് യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു. വിവരം ചോർത്തിയതാരെന്നു തിരിച്ചറിഞ്ഞിട്ടില്ല. വിവരങ്ങള്‍ ചോര്‍ന്നതിന് വിമാനക്കമ്പിനി ഗുണഭോക്താക്കളോട് ക്ഷമാപണം നടത്തി. ഇതുസംബന്ധിച്ച് നോഡല്‍ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യുട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന് പരാതി നല്കി.
ഈ മാസം 25ന് കമ്പനിയുടെ ലോഗിന്‍, സൈനപ്പ് സേവനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി. അതിനാല്‍, രജിസ്ട്രേഷനായി യാത്രക്കാര്‍ നല്‍കിയ പേര്, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവയുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പുറത്തായിരിക്കാമെന്നു എയര്‍ലൈന്‍ വെബ്സൈറ്റില്‍ പറഞ്ഞു. എന്നിരുന്നാലും, ഗുണഭോക്താക്കളുടെ യാത്രകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു. തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രശ്നം നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചതായി കമ്പനി അറിയിച്ചു. ഈ മാസം ഏഴിനാണ് ആകാശ എയര്‍ സര്‍വീസ് ആരംഭിച്ചത്. കമ്പനിയുടെ ഉടമ രാകേഷ് ജുന്‍ജുന്‍വാല അടുത്തിടെയാണ് അന്തരിച്ചത്.