ചായ വിറ്റ് രാജ്യം ചുറ്റുകയാണ് ജിബിന്‍ മധു എന്ന ചെറുപ്പക്കാരന്‍.
പുതിയ കാര്യങ്ങള്‍ പഠിക്കാനും പരീക്ഷിക്കാനുമെല്ലാം ഇഷ്ടമുള്ളയാളായിരുന്നു ജിബിന്‍. 2021 ഏപ്രില്‍ 21ന് കൈയില്‍ വെറും 5000 രൂപയും ബൈക്കില്‍ ഫുള്‍ ടാങ്ക് പെട്രോളുമായി ഒരു തൊഴില്‍ തേടിയിറങ്ങി ഈ 24 കാരനായ ചെറുപ്പക്കാരന്‍. കുറച്ച് ദിവസം ഒരിടത്ത് ജോലി ചെയ്ത ശേഷം അടുത്തയിടത്തേക്ക് പോകും. അതായിരുന്നു ജിബിന്റെ പതിവ്. അങ്ങനെ ഒരു വര്‍ഷവും മൂന്ന് മാസവും ആ യാത്ര നീണ്ടു. തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, മധ്യപ്രദേശ്, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, മേഘാലയ, മഹാരാഷ്ട്ര, സിക്കിം, ഹിമാചല്‍ പ്രദേശ്, എന്നിവിടങ്ങള്‍ കടന്ന് നേപ്പാളിലേക്കും മ്യാന്‍മാറിലേക്കും ഒക്കെ ജിബിന്‍ എത്തിച്ചേര്‍ന്നു.
ഇന്‍സ്റ്റഗ്രാമും യൂട്യൂബും വഴിയാണ് ജിബിന്റെ സാഹസികതകള്‍ വീട്ടുകാരും കൂട്ടുകാരും പോലും അറിഞ്ഞത്.
പലയിടത്തു ചെന്നപ്പോഴും ജോലി കിട്ടാന്‍ പ്രയാസമായി. അങ്ങനെയാണ് സ്വന്തം ബൈക്കും കൈയിലുണ്ടായിരുന്ന സൗകര്യങ്ങളും ഒക്കെ വച്ച് സഞ്ചരിക്കുന്ന ഫുഡ്സ്റ്റാള്‍ തുടങ്ങാന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ഗ്രാജുവേറ്റായ ഈ ചെറുപ്പക്കാരന്‍ തീരുമാനിക്കുന്നത്. താന്‍ സഞ്ചരിക്കുന്ന റൂട്ടുകളില്‍ എത്തുന്ന മറ്റ് സഞ്ചാരികള്‍ക്ക് നൂഡില്‍സും ബ്രെഡ് ഓംലെറ്റും ചായയുമൊക്കെ ഉണ്ടാക്കി കൊടുത്ത് സ്വന്തം യാത്രാച്ചെലവിനുള്ള പണം മുഴുവന്‍ ജിബിന്‍ കണ്ടെത്തി തുടങ്ങി. ബൈക്കിന് മുകളില്‍ ഒരു പെട്ടി വെച്ചുകെട്ടി അതിനകത്ത് വെള്ളവും ഗ്യാസുമെല്ലാം സൂക്ഷിച്ചാണ് ജിബിന്റെ പരിപാടികള്‍.
കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഫുഡ്സ്റ്റാള്‍ കാണാന്‍ പോലും കിട്ടാത്ത ഇടങ്ങളിലാണ് ആദ്യം ജിബിന്‍ ഈ ആശയം നടപ്പിലാക്കിയത്. അത് ഗംഭീര വിജയമായി. ദിവസം ആയിരം രൂപ വരെ ഇത്തരത്തിലുണ്ടാക്കി.
പിന്നീട് കുറച്ച് പാത്രങ്ങള്‍ കൂടി വാങ്ങി, കച്ചവടം വിപുലമാക്കി. ഇന്ന് നല്ലൊരു തുക വീട്ടിലേക്കും അയക്കാന്‍ ഈ ചെറുപ്പക്കാരന് സാധിക്കുന്നു.
16900 സബ്‌സ്‌ക്രൈബര്‍മാരുള്ള കുമ്പു ട്രാവല്‍ എന്ന ഒരു യൂട്യൂബ് ചാനലും ഇന്ന് ജിബിനുണ്ട്. ഇതേ മാതൃകയില്‍ ഒരു ഇന്റര്‍നാഷണല്‍ ട്രിപ്പാണ് ഇപ്പോഴത്തെ ജിബിന്റെ സ്വപ്നം.