സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ സഞ്ചരിക്കുന്ന പരിശോധനാ വിഭാഗം പീരുമേട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ഭക്ഷണ പരിശോധന നടത്തി. പീരുമേട്, കുട്ടിക്കാനം, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍ മേഖലകളിലെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ചാണ് മായം കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നടത്തിയത്.
ഭക്ഷ്യവസ്തു നിര്‍മാണ കേന്ദ്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി സുരക്ഷ ഉറപ്പ് വരുത്തണമെന്ന സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് സംസ്ഥാനത്തുടനീളം ആഴ്ച്ചയില്‍ ഒരു ദിവസം ഒരു താലൂക്കില്‍ എന്ന ക്രമത്തില്‍ പരിശോധന നടത്തുന്നത്.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥ ഫൗസിയയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സാമ്പിളുകളില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും.