സൈറസ് മിസ്ത്രിയുടെ അകാലത്തിൽ വിയോഗത്തിന്റെ ഞെട്ടലിൽ നിന്ന് ബിസിനസ് ലോകം വിട്ടുമാറിയിട്ടില്ല.
2012ല്‍ ടാറ്റാ സണ്‍സിന്റെ അധ്യക്ഷപദവിയിലെത്തിയതോടെയാണ് സൈറസ് മിസ്ത്രിയെന്ന യുവ വ്യവസായിയെ പൊതുസമൂഹം അറിഞ്ഞു തുടങ്ങിയത്.
രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനുള്ള അഞ്ചംഗ സമിതി 15 മാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ്, ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ മുന്‍ ചെയര്മാന് പല്ലോന്‍ജി മിസ്ത്രിയുടെ ഇളയ മകനായ സൈറസ് മിസ്ത്രിയെ അധ്യക്ഷപദവിയിലേക്കു ശുപാര്‍ശ ചെയ്യാന്‍ തീരുമാനിക്കുന്നത്. ആദ്യം എതിര്‍ത്തെങ്കിലും രത്തന്‍ ടാറ്റയുടെ നിര്‍ബന്ധത്തിനു വഴങ്ങി ടാറ്റാ സണ്‍സിന്റെ ആറാമത് അധ്യക്ഷനായി മിസ്ത്രി നിയമിതനായി. മിസ്ത്രിയുടെ കഴിവിലും പ്രവര്‍ത്തനത്തിലും താന്‍ സംതൃപ്തനാണെന്നു രത്തന്‍ ടാറ്റ പരസ്യമായി നേരത്തേതന്നെ പ്രതികരിച്ചിരുന്നു. ടാറ്റ സണ്‍സിന്റെ അമരത്തെത്തിയ ശേഷമുള്ള മിസ്ത്രിയുടെ ആദ്യ നാളുകളിലെ പ്രവര്‍ത്തനങ്ങളും നടപടികളും തന്നെപ്പറ്റിയുള്ള പ്രതീക്ഷകളും വിലയിരുത്തലുകളും ശരിവയ്ക്കും വിധമായിരുന്നു. ഗ്രൂപ്പിന്റെ ഭാവിപദ്ധതികള്‍ വിഭാവനം ചെയ്യാന്‍ പ്രത്യേക സമിതിയെപ്പോലും അദ്ദേഹം നിയമിച്ചു.
എന്നാല്‍ പിന്നീട് ടാറ്റ ഗ്രൂപ്പിലെ മറ്റ് അതികായന്മാരുമായി അസ്വാരസ്യങ്ങള്‍ ഉടലെടുത്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. 2016 ല്‍ മിസ്ത്രിയെ അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കാന്‍ ടാറ്റാ സണ്‍സ് ബോര്‍ഡ് തീരുമാനിച്ചു. തുടര്‍ന്ന് രത്തന്‍ ടാറ്റ തിരികെയെത്തിയെങ്കിലും പിന്നീട് എന്‍. ചന്ദ്രശേഖരനെ ബോര്‍ഡ് , ടാറ്റാ സണ്‍സ് അധ്യക്ഷ സ്ഥാനത്ത് നിയമിച്ചു. ഈ നടപടിക്കെതിരേ മിസ്ത്രിയും എസ്പി ഗ്രൂപ്പും ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും അനുകൂല വിധി നേടാനായില്ല. എന്നാല്‍ പിന്മാറാന് കൂട്ടാക്കാതിരുന്ന മിസ്ത്രി അപ്പലറ്റ് ട്രീബ്യൂണലിനെ (എന്‍സിഎടി)സമീപിച്ച് അനുകൂല ഉത്തരവ് സ്വന്തമാക്കി. അങ്ങനെ 2019ല്‍ മിസ്ത്രി വീണ്ടും ടാറ്റാ സണ്‍സ് ചെയര്മാന്സ്ഥാനത്തെത്തി. എന്നാല്‍ എന്‍സിഎടി വിധിക്കെതിരേ ടാറ്റാ ബോര്‍ഡ് സൂപ്രീകോടതിയെ സമീപിച്ചതോടെ നിയമയുദ്ധം പിന്നെയും നീണ്ടു. തുടര്‍ന്ന് എന്‍. ചന്ദ്രശേഖരനെ പുറത്താക്കിയ എന്‍സിഎടി വിധി സുപ്രീംകോടതി റദ്ദാക്കി.
ഇതിനെതിരേ മിസ്ത്രി സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയും സുപ്രീംകോടതി കഴിഞ്ഞ മേയില്‍ തള്ളിയിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് ഏതാണ്ടു പര്യവസാനമായെങ്കിലും മിസ്ത്രിയെ അധ്യക്ഷസ്ഥാനത്തുനിന്നു നീക്കാനുള്ള യഥാര്‍ഥ കാരണം ഇപ്പോഴും ദുരൂഹമായി തുടരുന്നു. ടാറ്റാ ഗ്രൂപ്പില്‍ 18.5 ശതമാനം ഓഹരിപങ്കാളിത്തമാണു നിലവില്‍ എസ്പി ഗ്രൂപ്പിനുള്ളത്.