ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ പ്രസംഗങ്ങളും ആപ്തവാക്യങ്ങളും വീഡിയോകളും മറ്റും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്റ്റീവ് ജോബ്സ് ആര്‍ക്കൈവ് ഓണ്‍ലൈനിന്റെ ലോഞ്ചിങ് നടന്നു. സ്റ്റീവിന്റെ ഭാര്യ ലോറന് പവല്‍ ജോബ്സാണ് ആര്‍ക്കൈവ് ലോഞ്ച് ചെയ്തത്. ഇതാദ്യമായാണ് സ്റ്റീവ് ജോബ്സിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ഇത്തരമൊരു ആര്‍ക്കൈവ് പുറത്തിറക്കുന്നത്. സ്റ്റീവ് ജോബ്സ് മുന്നോട്ട് വച്ച മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് പരിപാടികള്‍ക്കും ഫെല്ലോഷിപ്പുകള്‍ക്കും പങ്കാളിത്തങ്ങള്‍ക്കും രൂപം നല്‍കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹത്തിന്റെ സ്നേഹിതര്‍ വ്യക്തമാക്കി. ഇതുവരെ പുറത്ത് വിടാത്ത സ്റ്റീവിന്റെ പല ഓര്‍മ്മകളും വെബ്സൈറ്റില്‍ ലഭ്യമാക്കും. സ്റ്റീവ് ജോബ്സ് തനിക്ക് സ്വന്തമായി അയച്ച, മനുഷ്യത്തത്തോടുള്ള ആദരവ് സുചിപ്പിക്കുന്ന മെയിലാണ് ആര്‍ക്കൈവ്സില്‍ ആദ്യം തെളിയുക. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ അദ്ദേഹം നടത്തിയ പ്രസിദ്ധമായ പ്രസംഗമടക്കമെല്ലാം ഇതിലുണ്ട്.