മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ 54 ശതമാനം വളര്‍ച്ച.
ട്രേഡ് പ്രൊമോഷന് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ-ഗള്‍ഫ് ബയര്‍ സെല്ലര്‍ മീറ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
1.65 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് 2021-22ല്‍ നടന്നത്. ഇത് എക്കാലത്തെയും ഉയര്‍ന്ന വ്യാപാരമാണ്. ഉഭയകക്ഷി വ്യാപാരത്തില്‍ മുഖ്യഭാഗവും ഭക്ഷ്യ, കാര്ഷികോല്പന്നങ്ങളാണ്.
മനാമ ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റി ചെയര്മാന് അബ്ദുല്റഹ്മാന് ജുമയും സന്നിഹിതനായിരുന്നു. ഇന്ത്യന്‍ ഭക്ഷ്യ, പാനീയ രംഗത്തെ 13 പ്രമുഖ കയറ്റുമതിക്കാരും ബഹ്റൈനിലെ റീട്ടെയ്ല്‍, ഇറക്കുമതി, വിതരണ രംഗത്തെ 45 പ്രമുഖരും സംഗമത്തില്‍ പങ്കെടുത്തു.
ഇന്ത്യയില്‍നിന്നുള്ള ധാന്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ചായ, കാപ്പി, തനത് ഇന്ത്യന്‍ മധുരപലഹാരങ്ങള്‍, ബേക്കറി, ശീതീകരിച്ചതും അല്ലാത്തതുമായ ഭക്ഷ്യോല്പന്നങ്ങള്, ടിന്നിലടച്ച ഭക്ഷണങ്ങള്‍, ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍, റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍, റെഡി ടു കുക്ക് ഭക്ഷണങ്ങള്‍, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ പരിചയപ്പെടുത്തി.