ഇന്ത്യയില്‍ നിലവിലുള്ള ടെലിക്കമ്മ്യൂണിക്കേഷന്‍ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടു വരുന്നതിനായി കരട് ബില്ല് അവതരിപ്പിച്ച് കേന്ദ്ര ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പ്.
4ജിയുടെയും 5ജിയുടെയും കാലത്ത് ആധുനിക ഭാവിയെ കരുതിയുള്ള ടോലിക്കമ്മ്യൂണിക്കേഷന്‍ നിയമ നിര്‍മാണത്തിന് തയാറെടുക്കുകയാണ് കേന്ദ്രം.
ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് 1885, വയര്‍ലെസ് ടെലിഗ്രഫി ആക്ട് 1933, ടെലിഗ്രാഫ് വയേഴ്‌സ് ആക്ട് 1950 എന്നിവ ഏകീകരിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.
21ാം നൂറ്റാണ്ടിലെ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു നിയമ ചട്ടക്കൂട് ഇന്ത്യക്ക് ആവശ്യമാണെന്ന് വിശ്വസിക്കുന്നതായി ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ ബില്‍, 2022 എന്ന് നാമകരണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ബില്ലിന്റെ വിശദീകരണ കുറിപ്പില്‍ കേന്ദ്രം വ്യക്തമാക്കി. ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട്, 1885 അടിസ്ഥാനമാക്കിയുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയെ നിയന്ത്രിക്കുന്നത്. ടെലികമ്മ്യൂണിക്കേഷന്റെ സ്വഭാവവും അതിന്റെ ഉപയോഗവും സാങ്കേതികവിദ്യകളും ‘ടെലിഗ്രാഫ്’ കാലഘട്ടത്തിന് ശേഷം വലിയ മാറ്റത്തിന് വിധേയമായിട്ടുണ്ട്. 2013 ഓടെ ലോകം ‘ടെലഗ്രാഫ്’ ഉപയോഗിക്കുന്നത് നിര്‍ത്തിയതായും വിശദീകരണ കുറിപ്പില്‍ പറയുന്നു.