വ്യവസായ വകുപ്പും കെഎസ്ഐഡിസിയും ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി കൊച്ചിയില്‍ ഗ്രാഫീന് നിക്ഷേപക സംഗമം സംഘടിപ്പിച്ചു. ഭാവിയുടെ ഈ മേഖലയില്‍ മികച്ച മുന്നേറ്റം കൈവരിക്കുന്നതിന് ശക്തമായ ഗ്രാഫീന് ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള പ്രയാണം കേരളം ആരംഭിച്ചിരിക്കുകയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി. ഉല്‍പ്പാദനം മുതല്‍ മാര്‍ക്കറ്റ് ഇടപെടലുകള്‍ വരെയുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുകയാണ് ലക്ഷ്യം. സമ്മേളനത്തിന്റെ ഭാഗമായി കേരള ഗ്രാഫീന് നയം, ഇന്‍ഫ്രാസ്ട്രക്ചര്‍ സപ്പോര്‍ട്ട് സൗകര്യങ്ങള്‍, വ്യവസായ നിലവാരം തുടങ്ങിയവ ചര്‍ച്ച ചെയ്തു.
ഗ്രാഫീന് ഒരു ദ്വിമാന പദാര്‍ത്ഥമാണ്. കനമില്ലാത്തതും ചാലകശക്തിയുള്ളതുമായ ഗ്രാഫീനിന് മറ്റ് പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് ശക്തി കൂടുതലാണ്. പ്രകൃതി ദത്തമായി ധാരാളം കണ്ടുവരുന്ന ഗ്രാഫീന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം.
വ്യവസായങ്ങളുടെ വികസനത്തിനും ഉത്തരവാദിത്ത വ്യവസായവല്‍ക്കരണത്തിനും ഗ്രാഫീന്/ ഗ്രാഫീന് & റിലേറ്റഡ് മെറ്റീരിയല്‍ (ജിആര്‍എം) മേഖല കേരളത്തിന് മുന്നില്‍ അനന്തസാധ്യതകള്‍ തുറന്നിടുന്നുണ്ട്. സംസ്ഥാനത്തിന്റെ ഡീകാര്ബണൈസേഷന് ലക്ഷ്യങ്ങള്‍ സുസ്ഥിരമായി കൈവരിക്കുന്നതില്‍ ഗ്രാഫീനിന് നിര്‍ണായകമായ പങ്കുണ്ടാകുമെന്നും പി. രാജീവ് കൂട്ടിച്ചേര്‍ത്തു.
നിക്ഷേപകര്‍, അക്കാദമിക് വിദഗ്ധര്‍, ഗവേഷണ-വികസന വിദഗ്ധര്‍, വ്യാവസായിക പങ്കാളികള്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു.