ഇന്ന് ലോക പുഞ്ചിരി ദിനം അഥവാ സ്മൈല്‍ ഡേ. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് നാം പുഞ്ചിരി ദിനമായി ആഘോഷിക്കുന്നത്. പുഞ്ചിരി ദിനവും ലോകമെങ്ങും പ്രചാരത്തിലുള്ള സ്മൈലി ഫേസും തമ്മില്‍ വലിയ ബന്ധമുണ്ട്. ലോക പുഞ്ചിരി ദിനം എന്ന ആശയം തന്നെ മുന്നോട്ട് വച്ചത് സ്മൈലി ഫേസിന്റെ സൃഷ്ടാവായ പ്രശസ്ത ചിത്രകാരന് ഹാര്‍വി ബോളാണ്.
ഒരു ഇന്‍ഷുറന്‍സ് കമ്പനിക്ക് വേണ്ടി 1963ലാണ് വെറും നാല്പത്തിയഞ്ച് ഡോളറിന് ഹാര്‍വി, സ്മൈലി ഫേസ് വരച്ചു നല്‍കിയത്. കാരുണ്യത്തിന്റെ പുഞ്ചിരിയാണ് ഹാര്‍വി തന്റെ ചിത്രത്തില്‍ പകര്‍ത്തിയത്. ഈ ലോകത്ത് എല്ലാവര്ക്കും പോസിറ്റീവ് മാറ്റം കൊണ്ടുവരാനാകും എന്നദ്ദേഹം വിശ്വസിച്ചു. എന്നാല്‍ കാലം മുന്നോട്ട് പോയപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായി താന്‍ രൂപം നല്കിയ ആ എംബ്ലത്തെ വളരെയധികം വ്യവസായവത്കരിച്ചിരിക്കുന്നു എന്ന്. താന്‍ വരച്ചുനല്‍കിയ ചിത്രത്തിന്റെ യഥാര്‍ഥ പ്രധാന്യം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു എന്നദ്ദേഹം തിരിച്ചറിഞ്ഞു.
അങ്ങനെയാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കി, മറ്റൊരാളുടെ പുഞ്ചിരിക്ക് കാരണമാകുക എന്ന ചിന്തയോടെ 1999 മുതല്‍ ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ച പുഞ്ചിരി ദിനമായി ആഘോഷിക്കാമെന്ന ആശയം അദ്ദേഹം മുന്നോട്ട് വച്ചത്.
2001ല്‍ അദ്ദേഹത്തിന്റെ മരണാനന്തരം ഹാര്‍വി ബോള്‍ വേള്‍ഡ് സ്മൈല്‍ ഫൗണ്ടേഷന് എന്ന സംഘടന രൂപമെടുക്കുകയും അവര്‍ ലോകമെങ്ങുമുള്ള പുഞ്ചിരി ദിന പരിപാടികള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നു.
ഒരു മുഖത്തെങ്കിലും പുഞ്ചിരി വിരിയിപ്പിക്കാന്‍ നമുക്കും ശ്രമിക്കാം. ഏവര്‍ക്കും കട്ടപ്പനയിലെ സംരംഭകരുടെ പുഞ്ചിരി ദിന ആശംസകള്‍…