‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെയും ഉടുമ്പഞ്ചോല താലൂക് വ്യവസായ ഓഫിസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകത്വ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ പുതുതായി സംരംഭം തുടങ്ങുന്നതിനും നിലവിലുള്ള സംരംഭം വിപുലീകരിക്കുന്നതിനും സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, വിവിധതരം സര്‍ക്കാര്‍ പദ്ധതികള്‍, ആനുകൂല്യങ്ങള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനാാണ് പരിപാടി സംഘടിപ്പിച്ചത്. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി. എ. ജോണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
‘വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളും സംരംഭകത്വ വികസനവും’ എന്ന വിഷയത്തില്‍ ഉപജില്ലാ വ്യവസായ ഓഫീസര്‍ വിശാഖ് പി. എസും ‘ക്ഷീര മേഖലയിലെ സംരംഭകത്വ സാധ്യതകള്‍’ എന്ന വിഷയത്തില്‍ ക്ഷീര വികസന ഓഫീസര്‍ റെജികുമാറും ബാങ്ക് ലോണ്‍ സംബന്ധിച്ച് കെ. എഫ്. സി. മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് അഖില്‍ ബാലകൃഷ്ണനും സംരംഭകത്വ പരിശീലനം സംബന്ധിച്ച് ഫാക്കല്‍റ്റി അരുണ്‍ റെജിയും ക്ലാസുകളെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിജയകുമാരി എസ്, കെ. വനജ കുമാരി, സജ്ന ബഷീര്‍, ബി. ഡി. ഒ. ദിലീപ് എം. കെ., വ്യവസായ വികസന ഓഫീസര്‍ ജിബിന്‍ കെ. ജോണ്‍, വിവിധ പഞ്ചായത്തുകളിലെ ഇന്റേണ്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.