അശോക് ലൈലാന്‍ഡ് കേരളത്തില്‍ ഇലക്ട്രിക് ബസുകള്‍ നിര്‍മ്മിക്കും. ലണ്ടനില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഹിന്ദുജ ഗ്രൂപ്പ് കോ ചെയര്‍മാന്‍ ഗോപിചന്ദ് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇലക്ട്രിക് ബസ് നിര്‍മ്മാണത്തിന് പുറമെ, സൈബര്‍, ഫിനാന്‍സ് മേഖലകളില്‍ കേരളത്തില്‍ നിക്ഷേപം നടത്തുമെന്ന് ചര്‍ച്ചയില്‍ ഹിന്ദുജ ഗ്രൂപ്പ് അറിയിച്ചു.
തുടര്‍ നടപടികള്‍ക്കായി ഡിസംബറില്‍ കേരളത്തിലെത്താമെന്നും ഗോപിചന്ദ് ഹിന്ദുജ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി. കേരളത്തില്‍ ഫാക്ടറി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കാന്‍ കമ്പനി തീരുമാനിച്ചു.
ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താന്‍ ഹിന്ദുജ ഗ്രൂപ്പ് മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തി.
അനുയോജ്യമായ സ്ഥലം ഉള്‍പ്പെടെ ഈ സംഘം സന്ദര്‍ശനം നടത്തി നിര്‍ദ്ദേശിക്കും.
സൈബര്‍ ക്രൈം നേരിടുന്നതിനുള്ള ആധുനിക സംവിധാനങ്ങള്‍ ഹിന്ദുജ ഗ്രൂപ്പ് വികസിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഐ.ടി മാനവവിഭവശേഷി വിനിയോഗിക്കാന്‍ കഴിയുംവിധം കാമ്പസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യം എന്നീ മേഖലകളിലും നിക്ഷേപ സാധ്യതകള്‍ പരിശോധിക്കും.
മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി പി.രാജീവ്, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി ,ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് , വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.