നെയ്യ് നേറ്റീവ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ
അടുക്കളയില്‍ ഉണ്ടാക്കുന്ന നാടന്‍ നെയ്യ് കുപ്പിയിലാക്കി ആവശ്യക്കാരില്‍ എത്തിച്ചാണ് ചെന്നൈ സ്വദേശിയായ ജയലക്ഷ്മിയും മകളും സംരംഭക വിജയം കൊയ്തത്. നെയ്യ് നേറ്റീവ് എന്ന ബ്രാന്‍ഡിലൂടെ ജയലക്ഷ്മിയും മകളും ഇപ്പോള്‍ നേടുന്നത് ലക്ഷങ്ങളാണ്. ബ്രാന്‍ഡിങ്ങിനായി മകള്‍ നിത്യ രംഗത്ത് ഇറങ്ങിയതോടെയാണ് അടുക്കളയില്‍ തുടങ്ങിയ ബിസിനസ് വേറെ ലെവലായത്.
ഇന്ത്യന്‍ പാചകത്തിലെ മിക്ക വിഭവങ്ങളിലും നെയ്യ് പ്രധാന ഘടകമാണ്. വിപണിയില്‍ ലഭ്യമായ നെയ്യില്‍ പലതിലും മായം കലരുന്നതിനാല്‍ വീട്ടില്‍ ഉണ്ടാക്കുന്ന നാടന്‍ നെയ്യ്ക്ക് ഡിമാന്‍ഡുണ്ട്. ഈ സാധ്യത തിരിച്ചറിഞ്ഞാണ് അമ്മയും മകളും നെയ്യ് ബിസിനസ് കാര്യമായി എടുക്കുന്നത്.
ലോക്ഡൗണ്‍കാലത്ത് വെറുതെ ഇരുന്നപ്പോള്‍ അമ്മ ഉണ്ടാക്കിയ നാടന്‍ നെയ്യ്ക്ക് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയില്‍ വന്‍ ഡിമാന്‍ഡുണ്ടെന്ന തിരിച്ചറിവാണ് ഇവരെ വാണിജ്യാടിസ്ഥാനത്തില്‍ നെയ്യ് ഉത്പാദനത്തിന് പ്രേരിപ്പിച്ചത്.
തുടക്കത്തില്‍ ഒരു ദിവസം ആറ് മുതല്‍ എട്ട് വരെ ഓര്‍ഡറുകള്‍ ലഭിച്ചത് ഇപ്പോള്‍ 100 ഓര്‍ഡറുകള്‍ വരെയായി വര്‍ദ്ധിച്ചു. പ്രതിമാസം 2,500 കുപ്പികള്‍ എങ്കിലും പാക്ക് ചെയ്ത് ആവശ്യക്കാരില്‍ എത്തിക്കുന്നുണ്ട്.
2021ല്‍ ഒരു ലക്ഷം രൂപയുടെ വില്‍പ്പനയാണ് നടന്നതെങ്കില്‍ ഇപ്പോള്‍ പ്രതിമാസം 10 ലക്ഷം രൂപയുടെ വില്‍പ്പനയാണ് നടക്കുന്നതെന്ന് മകള്‍ നിത്യ പറയുന്നു.
250 മില്ലി ജാര് നെയ്ക്ക് 750 രൂപയും 500 മില്ലിക്ക് 1,350 രൂപയുമാണ് വില. നെയ്യ് വില്‍പ്പന ഏറ്റതോടെ, കാപ്പിപ്പൊടി, തേന്‍ തുടങ്ങിയ ഉത്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്നുണ്ട്. കൂടുതല്‍ നാടന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാണ് പദ്ധതി .