പ്ലാന്റേഷന് മേഖലയിലെ സംരംഭകരും സംഘടനകളുമായി വ്യവസായ മന്ത്രി പി. രാജീവ് കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പുതിയ പ്ലാന്റേഷന് ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും എറണാകുളം ക്രൗണ്‍ പ്ലാസയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്ലാന്റേഷന് മേഖലയിലെ ചെറുതും വലുതുമായ സംരംഭകര്‍, വ്യവസായ മേഖലയിലെ വിവിധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വ്യവസായങ്ങള്‍ക്ക് നല്കി വരുന്ന എല്ലാ ആനുകൂല്യങ്ങളും പ്ലാന്റേഷന് മേഖലയ്ക്കും ലഭ്യമാക്കും. ഇതിന് പ്ലാന്റേഷന് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംരംഭകരുടേയും സഹകരണം ആവശ്യമാണ്. പുതിയ കരട് വ്യവസായ നയം പ്ലാന്റേഷന് മേഖലയ്ക്കുകൂടി പ്രയോജനപ്പെടുന്ന വിധത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഐ.ടി മേഖലയിലെ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് നല്കുന്ന ആനുകൂല്യങ്ങളും പ്ലാന്റേഷന് മേഖലയ്ക്ക് ലഭ്യമാക്കാന്‍ ആലോചനയുണ്ട്. സര്‍ക്കാരില്‍ നിന്നും എന്ത് സഹായമാണ് ആവശ്യമുള്ളതെന്ന് പ്രത്യേകം ആവശ്യപ്പെട്ടാല്‍ അത് പരിഗണിക്കുകയും ചെയ്യും, മന്ത്രി വ്യക്തമാക്കി.
പ്ലാന്റേഷന് മേഖലയ്ക്കായി 160 ലക്ഷം രൂപയുടെ വിവിധ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഈ വര്‍ഷത്തെ പ്ലാനില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് ഉടന്‍തന്നെ നടപ്പിലാക്കും. പ്ലാന്റേഷന് മേഖലയ്ക്ക് പ്രത്യേകമായി ഏകജാലക സംവിധാനം കൊണ്ടുവരും. നിലവിലെ സാധ്യതകള്‍ക്കും പരിമിതികള്‍ക്കും ഉള്ളില്‍ നിന്ന് കൊണ്ട് പ്ലാന്റേഷന് മേഖലയെ പ്രോത്സാഹിപ്പിക്കുകയെന്ന സമീപനമാണ് വകുപ്പിനുള്ളത്, മന്ത്രി പി. രാജീവ് കൂട്ടിച്ചേര്‍ത്തു.