കേരളത്തില്‍ 1500 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തയാറായി യുഎസിലെ പ്രമുഖ എംപ്ലോയര്‍ സര്‍വീസ് കമ്പനിയായ വെന്‍ഷ്വര്‍. ‘മീറ്റ് ദ ഇന്‍വെസ്റ്റര്‍’ പരിപാടിയുടെ ധാരണപ്രകാരം വെന്‍ഷ്വറിന്റെ പുതിയ ഓഫീസ് തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു.
കഴക്കൂട്ടത്തെ കിന്‍ഫ്ര ഫിലിം & വീഡിയോ പാര്‍ക്കില്‍ ആരംഭിച്ച വെന്‍ഷ്വറിന്റെ തിരുവനന്തപുരം ഓഫീസില്‍ നിലവില്‍ 200 ഓളം പേരാണ് ജോലിചെയ്യുന്നത്. കിന്‍ഫ്ര അനുവദിച്ച രണ്ടേക്കര്‍ ഭൂമിയില്‍ ആക്സല്‍ ഇന്‍ഫിനിയം പണികഴിപ്പിച്ച ആധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തിലാണ് വെന്‍ഷ്വര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ലോകത്തെ പ്രമുഖ പ്രൊഫഷണല്‍ എംപ്ലോയര്‍ ഓര്‍ഗനൈസേഷന്‍ ആയ വെന്‍ഷ്വറിനു ഒരുലക്ഷത്തിലധികം ബിസിനസ് കൂട്ടാളികളാണ് ഉള്ളത്. ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്കാവശ്യമായ മാനവശേഷി, പേ റോള്‍, റിസ്‌ക് മാനേജ്‌മെന്റ്, ജീവനക്കാര്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികള്‍ എന്നീ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് വെന്‍ഷ്വര്‍. പത്ത് രാജ്യങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായി കേരളത്തെ മാറ്റാനാണ് വെന്‍ഷ്വര്‍ ശ്രമിക്കുന്നത്.
ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികള്‍ കേരളത്തിലേക്ക് കൂടുതലായി എത്തുന്നത് സ്വാഗതാര്‍ഹമാണെന്നും കേരളത്തിലെ നിക്ഷേപാനുകൂല സാഹചര്യമാണ് ഇതിന് നിമിത്തമാകുന്നതെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അറിയിച്ചു.