ഊബറില്‍ ഇനി മുതല്‍ യാത്രക്കാരെ കാത്തിരിക്കുന്നത് വീഡിയോ പരസ്യങ്ങളും. യാത്രയ്ക്കിടെ ഉപഭോക്താക്കളിലേക്ക് വ്യത്യസ്ത ബ്രാന്‍ഡുകളുടെ പരസ്യം എത്തിക്കുന്നത് വഴി വരുമാനം കണ്ടെത്തുക എന്ന നൂതന ആശയമാണ് ഊബര്‍ ജേണി ആഡ്‌സ് വഴി കമ്പനി നടപ്പിലാക്കുന്നത്. ഇതിനായി 40 പ്രധാന കമ്പനികളുമായി ഊബര്‍ ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഊബറില്‍ യാത്ര ചെയ്യുന്ന വലിയൊരു വിഭാഗം പേരും എവിടേക്കാണ് പോകേണ്ടതെന്നും എന്താണ് വാങ്ങാനുദ്ദേശിക്കുന്നതെന്നുമുള്ള വിവരങ്ങള്‍ യാത്ര തെരഞ്ഞെടുക്കുമ്പോള്‍ തന്നെ കമ്പനിയുമായി പങ്കുവയ്ക്കാറുണ്ട്. അവരുടെ ആവശ്യമെന്തെന്ന് കണ്ടെത്തി അതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ അവരിലേക്ക് എത്തിക്കുകയാണ് ഊബര്‍ പുതിയ പദ്ധതിയിലൂടെ.
                        
                                    


