നാവില്‍ വെള്ളമൂറുന്ന കിടിലന്‍ വിഭവങ്ങള്‍ ഒരുക്കുന്ന റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേറ്റഡ് കിച്ചണുകള്‍ വിപണിയിലവതരിപ്പിച്ച് കൈയടി നേടുകയാണ് മുകുന്ദ ഫുഡ്‌സ് എന്ന ദക്ഷിണേന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്. 2013ലാണ് ക്ലാസ്‌മേറ്റ്‌സായ ഈശ്വറും സുദീപും ചേര്‍ന്ന് ദക്ഷിണേന്ത്യന്‍ വിഭവങ്ങളുടെ ക്വിക് സര്‍വീസ് റെസ്റ്റോറന്റ് ആരംഭിച്ചത്. എന്നാല്‍, ഈ സംരംഭം വിജയകരമായി അധികകാലം മുന്നോട്ടു കൊണ്ടുപോകാന്‍ ഇവര്‍ക്കായില്ല. അങ്ങനെയാണ് ഓട്ടോമാറ്റിക് കിച്ചണ്‍, അതായത് ഭക്ഷണം പാകം ചെയ്യാനുള്ള മെഷീനുകള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നതിനെ കുറിച്ച് ഇരുവരും ചിന്തിക്കുന്നത്. 2014ല്‍ മുകുന്ദ ഫുഡ്‌സും ആരംഭിച്ചു.
ദോശമാറ്റിക് എന്ന ആദ്യ മെഷീന്‍ നാല് വര്‍ഷമെടുത്താണ് ഇരുവരും ചേര്‍ന്ന് വികസിപ്പിച്ചത്. യാതൊരു ബാഹ്യ ഇടപെടലും വേണ്ട നല്ല ഉഗ്രന്‍ ദോശകളാണ് ഇവരുടെ മെഷീനില്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ പാകമായി വരുന്നത്. മണിക്കൂറില്‍ 50 ദോശ വരെ ഉണ്ടാക്കാന്‍ ഈ മെഷീനാകും. പാചകമൊക്കെ കഴിഞ്ഞ് മെഷീന്‍ വൃത്തിയാക്കാന്‍ പോലും ഒരാളുടെ ആവശ്യം ഇല്ല. സ്വയം മെഷീന്‍ തന്നെ വൃത്തിയായിക്കൊള്ളും.
ഇതുവരെ 22 രാജ്യങ്ങളിലായി ആയിരം മെഷീനുകളാണ് കമ്പനി വിറ്റത്. രാഷ്ട്രപതി ഭവനില്‍ പോലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു ഈ ദോശ റോബോട്ട്. നിരവധി വിദഗ്ധ ഷെഫുമാരുടെ അഭിപ്രായം സ്വീകരിച്ച ശേഷമാണ് ഇവര്‍ റോബോട്ടിനെ വികസിപ്പിച്ചിരിക്കുന്നത്.
ദോശമാറ്റിക് റോബോട്ട് ഹിറ്റായതോടെ സമൂസ, മോമോസ്, ഗ്രേവി, ഫ്രഞ്ച് ഫ്രൈസ്, ബര്‍ഗര്‍ തുടങ്ങിയ മറ്റ് വിഭവങ്ങള്‍ ഉണ്ടാക്കുന്ന മെഷീനുകള്‍ നിര്‍മിക്കാന്‍ ആവശ്യപ്പെട്ട് ആളുകള്‍ സമീപിക്കാന്‍ തുടങ്ങി. ഇതോടെ ചൈനീസ്, ഇന്ത്യന്‍, തായ് വിഭവങ്ങളുടെ ഗ്രേവി തയാറാക്കാനുള്ള വോകി എന്ന വോക് മെഷീനും ഇവര്‍ വികസിപ്പിച്ചു. റൈസ്, നൂഡില്‍, പാസ്ത എന്നിവ തയാറാക്കാനുള്ള റൈസോ എന്ന റോബോട്ടിനെയും, ഫ്രഞ്ച് ഫ്രൈസ്, മോമോസ്, ബര്‍ഗര്‍ പാറ്റീസ്, സമൂസ എന്നിവ പാകം ചെയ്യാനുള്ള ഇകോ ഫ്രൈയര്‍ എന്ന മെഷീനും ഇവര്‍ വികസിപ്പിച്ചിട്ടുണ്ട്.
ഐടിസി, ഒല ഫുഡ്‌സ്, വൗ മോമോ, ഗുഡ് ഫ്‌ളിപ്പിങ് ബര്‍ഗര്‍, സമൂസ പാര്‍ട്ടി തുടങ്ങിയ ഭീമന്‍ കമ്പനികളടക്കം 3000ഓളം ഉപഭോക്താക്കളാണ് ഇന്ന് ഈ ബെംഗളൂരു ബേസ്ഡ് സ്റ്റാര്‍ട്ടപ്പിനുള്ളത്. കുറച്ച് മാസം മുന്‍പ് ഫുഡ് ഡെലിവറി ആപ്പായ സോമാറ്റോ, മുകുന്ദ ഫുഡ്‌സിലെ 16.66 ശതമാനം ഓഹരികളും സ്വന്തമാക്കിയിരുന്നു. 150ലധികം ജീവനക്കാരാണ് ഇന്ന് കമ്പനിയിലുള്ളത്. രാജ്യത്തെ മുഴുവന്‍ അടുക്കളകളും ഓട്ടോമേറ്റഡാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.