ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തില്‍ ഓഹരികള്‍ കുതിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും നേട്ടം കൈവരിച്ചു. തുടക്കം എന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരി വാങ്ങാന്‍ ആരംഭിച്ചതോടെ പല ഓഹരിയുടെയും വില ഉയര്‍ന്നു. സെന്‍സെക്‌സ് 524 പോയന്റും നിഫ്റ്റി 154 പോയന്റും നേട്ടത്തോടെയാണ് മുഹൂര്‍ത്ത വ്യാപാരം അവസാനിപ്പിച്ചത്.
ദീപാവലി ദിവസമായ ഇന്നലെ വൈകീട്ട് 6.15 മുതല്‍ 7.15 വരെയാണ് വിപണി തുറന്നത്.
ഹിന്ദു കലണ്ടര്‍ വര്‍ഷമായ സംവത് 2079ന്റെ തുടക്ക ദിവസം ഓഹരികളില്‍ നിക്ഷേപിക്കാന്‍ ഏറ്റവും മികച്ച സമയമെന്ന് കരുതുന്ന ഒരു മണിക്കൂറാണ് മുഹൂര്‍ത്ത വ്യാപാരം നടക്കുക. എല്ലാ വര്‍ഷവും ഇതിനായുള്ള സമയം സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ നിശ്ചയിക്കും. ഈ ഒരു മണിക്കൂര്‍ വ്യാപാരം നടത്തുന്നവര്‍ക്ക് വരുമാനവും സമ്പത്തും വര്‍ധിക്കുമെന്നാണ് വിശ്വാസം.
ഏതാനും നാളുകളായി ചാഞ്ചാട്ടത്തില്‍ ആയിരുന്ന വിപണിക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കാന്‍ മുഹൂര്‍ത്ത വ്യാപാരത്തിന് കഴിഞ്ഞു.