നിക്ഷേപത്തില്‍ വന്ന ഇടിവിനെ തുടര്‍ന്ന് പല ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും യുണികോണ്‍ പദവി നഷ്ടപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നിലവിലെ വിപണിയുടെ അവസ്ഥ കണക്കിലെടുത്ത് പല സ്റ്റാര്‍ട്ടപ്പുകളും ഫണ്ട് സമാഹരണത്തിന് മുതിരാന്‍ വിസ്സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇതിനോടകം അത് നടത്തിയവര്‍ക്ക് ഒരു ബില്യണ്‍ മൂല്യം അഥവാ യൂണികോണ്‍ പദവി നഷ്ടമായേക്കുമെന്നാണ് വിദഗ്ധ വിലയിരുത്തല്‍.
ഇതുവരെ 105 സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഇന്ത്യയില്‍ യുണികോണ്‍ പദവിയുള്ളത്. ഇതില്‍ ഏഴെണ്ണത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ പദവി നഷ്ടപ്പെട്ടിരുന്നു. ക്വിക്കര്‍, ഹൈക്, സ്‌നാപ്ഡീല്‍, ഷോപ്ക്ലൂസ്, പേടിഎം മാള്‍, തുടങ്ങിയ കമ്പനികളാണ് യൂണികോണ്‍ ലിസ്റ്റില്‍ നിന്ന് പുറത്തായത്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രധാന നിക്ഷേപകരിലൊന്നായ സോഫ്റ്റ് ബാങ്കും 280ഓളം കമ്പനികളിലുള്ള നിക്ഷേപം കുറയ്ക്കാനാണ് പദ്ധതിയിടുന്നത്.