തമിഴ്നാട്ടിലെ ഹൊസ്സൂരില്‍ ആപ്പിള്‍ ഐഫോണുകള്‍ക്കുള്ള ഘടകങ്ങള്‍ നിര്‍മിക്കുന്ന ഇലക്ട്രോണിക്സ് ഫാക്ടറിയില്‍ 45000 വനിതകള്‍ക്ക് തൊഴില്‍ നല്‍കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ആപ്പിളില്‍ നിന്ന് കൂടുതല്‍ ബിസിനസ് സ്വന്തമാക്കുവാന്‍ ലക്ഷ്യമിടുകയാണ് ടാറ്റ. അടുത്ത രണ്ട് വര്‍ഷത്തിനകം വനിതാ ജീവനക്കാരുടെ മുഴുവന്‍ നിയമനം പൂര്‍ത്തിയാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. നിലവില്‍ പതിനായിരം ജീവനക്കാരുള്ളതില്‍ ഭൂരിഭാഗവും വനിതകളാണ്.
ഐഫോണ്‍ കെയ്സുകളാണ് ഹൊസൂര്‍ ഫാക്ടറിയില്‍ ഇവര്‍ നിര്‍മിക്കുന്നത്. ഐഫോണ്‍ നിര്‍മാണം പ്രധാനമായും നടക്കുന്ന ചൈനയില്‍ നിന്ന് ആപ്പിള്‍ പതിയെ പടിയിറങ്ങുന്നു എന്നുള്ള സൂചനകള്‍ പുറത്ത് വന്നതോടെയാണ് തങ്ങളുടെ ബിസിനസ് കൂടുതല്‍ ശക്തിപ്പെടുത്താന്‍ അവസരം വിനിയോഗിക്കാനുള്ള ടാറ്റയുടെ ശ്രമങ്ങള്‍.