തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരെ പിരിച്ചുവിട്ട് ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി എഡ്‌ടെക് ഭീമന്‍ ബൈജൂസ്. ടെക്കികളുടെ വെല്‍ഫെയര്‍ സംഘടനയായ പ്രതിധ്വനിയുടെ സെക്രട്ടറി വിനീത് ചന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. കഴിഞ്ഞ മാസം രാജി ആവശ്യപ്പെട്ട ജീവനക്കാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാനും ഇന്ന് നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.
വിനീത് ചന്ദ്രന്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തീരുമാനവുമായി ബന്ധപ്പെട്ട് കമ്പനി ജീവനക്കാര്‍ക്ക് നേരിട്ട് വിവരം നല്‍കുമെന്നും ബൈജൂസ് വ്യക്തമാക്കി.
170ഓളം ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിടാനും ടെക്‌നോപാര്‍ക്കിലെ പ്രവര്‍ത്തനമവസാനിപ്പിക്കാനുമുള്ള തീരുമാനത്തിനെതിരെ ജീവനക്കാര്‍ സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് പരാതിയറിയിച്ചിരുന്നു. മന്ത്രി ഇടപെടാമെന്നും ഉറപ്പ് നല്‍കിയിരുന്നു. പിന്നാലെ നടന്ന ചര്‍ച്ചയിലാണ് ജീവനക്കാര്‍ക്ക് അനുകൂല നടപടി സ്വീകരിക്കാന്‍ ബൈജൂസ് തയാറായത്.