ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക സംഘം തൊടുപുഴയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വിപണി വില നിയന്ത്രണം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അളവ് തൂക്ക് പരിശോധന എന്നിവക്കായാണ് പ്രത്യേക സംഘം രൂപീകരിച്ചത്. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതും അമിത വില ഈടാക്കുന്നതുമായ വ്യാപാരികള്‍ക്കതിരെ തുടര്‍ ദിവസങ്ങളില്‍ നടപടിയെടുക്കും. തൊടുപുഴയില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ല.
വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് കടകളില്‍ പരിശോധന നടത്തുന്നത്. അരി വില നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ സപ്ലൈകോയുടെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ കേന്ദ്രികരിച്ച് അരിവണ്ടിയും ഓടിത്തുടങ്ങിയിട്ടുണ്ട്.
ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ് ഭരതന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ ബൈജു കെ. ബാലന്‍, ലീഗല്‍ മെട്രോളജി ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ എല്‍ദോ ജോര്‍ജ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ സിജോ തോമസ്, ദീപ തോമസ്, പൗര്‍ണമി പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്