നൈക്കി, പ്യൂമ, ഡെക്കാത്തലണ്‍ തുടങ്ങിയ വമ്പന്‍മാര്‍ക്കിടയിലേക്ക് സധൈര്യം കടന്ന് വന്ന് പുതിയ ഇടം കണ്ടെത്തിയ മലയാളി സ്‌പോര്‍ട്‌സ്‌വെയര്‍ സംരംഭമാണ് ഹൈവ്.
തിരുവനന്തപുരം സ്വദേശി രാകേഷ് രാജനാണ് ഈ ഹൈവിന്റെ അമരക്കാരന്‍. കസ്റ്റമൈസ് ചെയ്യാവുന്ന ആദ്യത്തെ ആക്ടീവ് വെയര്‍ ബ്രാന്‍ഡ് എന്നതാണ് ഹൈവിന്റെ പ്രത്യേകത. ഓണ്‍ലൈന്‍ വിപണിയില്‍ മികച്ച സാന്നിധ്യമാവുകയാണ് ഹൈവ്.
അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്ന് എംബിഎ ബിരുദം നേടി ഒരു മള്‍ട്ടി നാഷണല്‍ എഫ്എംസിജി കമ്പനിയില്‍ നല്ല ശമ്പളവും വാങ്ങിയിരിക്കുമ്പോള്‍, ഇതിന്റെ വല്ല കാര്യവുമുണ്ടോ എന്ന് നെറ്റിചുളിച്ചവര്‍ ഉണ്ടായിരുന്നു. എല്ലാവര്‍ക്കുമുള്ള ഉത്തരമായി ഹൈവിന്റെ വിപുലീകരിച്ച ഷോറും കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ ആരംഭിച്ചിരിക്കുകയാണ് ഈ സംരംഭകന്‍. പ്രവര്‍ത്തനമാരംഭിച്ച് അഞ്ച് വര്‍ഷത്തില്‍ അമ്പതിലധികം രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ ഹൈവിന് കഴിഞ്ഞു. രണ്ട് ലക്ഷത്തിലധികം ഉപഭോക്താക്കളും ഇന്ന് ഹൈവിനുണ്ട്.
200 ച.അടി സ്ഥലത്ത് രണ്ട് തൊഴിലാളികളുമായി ആരംഭിച്ച സ്ഥാപനം ഇപ്പോള്‍ 17,500 ച.അടി വിസ്തൃതിയുള്ള സംരംഭമായി വളര്‍ന്നു. 500 പേര്‍ക്ക് തൊഴില്‍ നല്‍കണമെന്നാണ് അടിയന്തിര ടാര്‍ഗറ്റ്. ഒളിമ്പിക് അസോസിയേഷന്‍, കേരളാ ബ്‌ളാസ്റ്റേഴ്‌സ്, ഇന്‍ഫോസിസ് തുടങ്ങി നിരവധി പ്രമുഖ ക്ലൈന്റ്‌സും ഇവര്‍ക്കുണ്ട്.
ഒരു നാഷണല്‍ ബ്രാന്റായി വികസിപ്പിക്കുക എന്നതാണ് രാകേഷിന്റെ ലക്ഷ്യം. ജാക്കറ്റുകള്‍, റെയിന്‍ വെയര്‍, ടീ ഷര്‍ട്ടുകള്‍, അത്‌ലലെറ്റിക് വെയര്‍ തുടങ്ങി വിവിധ തരം കായികാനുബന്ധ വസ്ത്രങ്ങള്‍ നിലവില്‍ ഉല്‍പാദിപ്പിക്കുന്നു. യോഗ, ജിം, സൈക്‌ളിംഗ് തുടങ്ങിയ സ്‌പെഷ്യാലിറ്റി വെയറുകളിലേക്കും ഉടനെ കടക്കും. സംരംഭക സ്വപ്‌നവുമായി നടക്കുന്നവര്‍ക്ക് വലിയ പ്രചോദനമാണ് രാകേഷ് രാജന്റെ കഥ.