‘ഇന്ത്യയില്‍ സ്വകാര്യ ബഹിരാകാശ ദൗത്യം സാധ്യമാകുകയോ? ഇത് റോക്കറ്റ് സയന്‍സാണ്, നിങ്ങള്‍ക്ക് ഭ്രാന്താണ്’
ഐഐടി മദ്രാസില്‍ നിന്നിറങ്ങിയ നാഗ ഭരത് ഡാക്കയും ഐഐടി ഖരഗ്പൂരിലെ പൂര്‍വവിദ്യാര്‍ഥിയായ പവന്‍കുമാര്‍ ചന്ദനയും 2018ല്‍ ഐഎസ്ആര്‍ഒയിലെ ജോലി ഉപേക്ഷിച്ച് സ്വന്തമായി ബഹിരാകാശ കമ്പനി തുടങ്ങാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ പലരും പറഞ്ഞ വാക്കുകളാണിത്.
എന്നാല്‍, ആകാശത്തിനുമപ്പുറത്തേക്ക് വളര്‍ന്ന ഇവരുടെ സംരംഭക സ്വപ്നം മുന്‍വിധികളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് സാക്ഷാത്കാരത്തിലേക്കെത്തിയിരിക്കുന്നു. ഇലോണ്‍ മസ്കിനെയും റിച്ചാര്‍ഡ് ബ്രാന്‍സനെയും പോലുള്ള ശതകോടീശ്വരന്മാര് കൈയടക്കി വച്ചിരിക്കുന്ന സ്വകാര്യ ബഹിരാകാശ രംഗത്ത് സ്കൈറൂട്ട് എന്ന സ്റ്റാര്‍ട്ടപ്പിലൂടെ വിപ്ലവകരമായ ചുവടുവയ്പ്പു നടത്തിയിരിക്കുകയാണ് ഈ ചെറുപ്പക്കാര്‍. അമേരിക്കയിലെയും യൂറോപ്പിലെയും സ്വകാര്യ സംരംഭകര്‍ ചെലവഴിക്കുന്നതിന്റെ നാലിലൊന്ന് തുക മാത്രം ഉപയോഗിച്ചാണ് സ്കൈറൂട്ട് എയ്റോസ്പേസ്, വിക്രം എസ് എന്ന ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചിരിക്കുന്നത്.
2020ലാണ് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ സംരംഭകര്‍ക്കു കൂടി ബഹിരാകാശ ഗവേഷണ മേഖല തുറന്നു കൊടുക്കാന്‍ തീരുമാനിക്കുന്നത്. എല്ലാം മുന്‍കൂട്ടി കണ്ടെന്ന പോലെ 2018ല്‍ തന്നെ ഇവര്‍ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചിരുന്നു. ബഹിരാകാശ രംഗത്ത് പ്രവര്‍ത്തനപരിചയമുള്ള നിരവധി ശാസ്ത്രജ്ഞരെ ഒപ്പം കൂട്ടി. ചുരുങ്ങിയ കാലയളവില്‍ 500 കോടി രൂപയോളം നിക്ഷേപം സമാഹരിച്ചു. ഐഎസ്ആര്‍ഒയുമായി ആദ്യം കരാര്‍ ഒപ്പിട്ട് ആദ്യ റോക്കറ്റ് വിക്ഷേപിച്ച് മറ്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടി പ്രചോദനമാകുകയാണ് ഈ ചെറുപ്പക്കാര്‍. ഇന്ന് നൂറോളം സ്റ്റാര്‍ട്ടപ്പുകളാണ് ഐഎസ്ആര്‍ഒയുമായി കരാറിലെത്തിയിട്ടുള്ളത്.
പ്രാരംഭ് എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്വം ഒരു തുടക്കം മാത്രമാണ്. വിജയകരമായ കുറച്ച് വിക്ഷേപണങ്ങള്‍ക്ക് ശേഷമേ ലാഭത്തേക്കുറിച്ച് ചിന്തിക്കൂ എന്ന് ഡാക്കയും ചന്ദനയും പറയുന്നു. സ്വന്തം കഴിവില്‍ അടിയുറച്ച് വിശ്വസിച്ച്, അസാധാരണമായൊരു സംരംഭക സ്വപ്നം സാക്ഷാത്കരിച്ച ഈ യുവാക്കള്‍ രാജ്യത്തിന് തന്നെ മുതല്‍ക്കൂട്ടും അഭിമാനവുമാണ്.