രസ്‌ന ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ അരീസ് പിരോജ്ഷാ ഖംബട്ട അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ത്യന്‍ വ്യവസായ രംഗത്തിന് വലിയ സംഭാവന നല്‍കിയ വ്യക്തിയായിരുന്നു ഖംബട്ട. ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ് ഡ്രിങ്ക് കോണ്‍സന്‍ട്രേറ്റ് നിര്‍മാതാക്കളാണ് ഇന്ന് രസ്‌ന. പതിനെട്ട് ലക്ഷത്തില്‍ പരം വ്യാപാര കേന്ദ്രങ്ങള്‍ വഴിയാണ് രസ്‌ന വില്‍പന നടത്തുന്നത്. രസ്‌ന എന്ന ഇന്ത്യന്‍ ബ്രാന്‍ഡിനെ വളര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചയാളാണ് ഖംബട്ട.
സോഫ്റ്റ് ഡ്രിങ്ക് കോണ്‍സന്‍ട്രേറ്റ് വിപണിയില്‍ നിരവധി ബഹുരാഷ്ട്രകമ്പനികളുമായി കിടപിടിച്ച് ഇന്ത്യയില്‍ എന്നും ഒന്നാമതെത്താന്‍ ഖംബട്ടയുടെ നേതൃത്വത്തില്‍ രസ്‌നയ്ക്ക് സാധിച്ചിരുന്നു. ഇന്ന് അറുപതോളം രാജ്യങ്ങളിലാണ് രസ്‌ന വില്‍ക്കുന്നത്. 1970ലാണ് തുച്ഛമായ വിലയിലുള്ള രസ്‌ന പാക്കുകള്‍ അദ്ദേഹം വിപണിയിലെത്തിക്കുന്നത്. വെറും അഞ്ച് രൂപയുടെ രസ്‌ന കെണ്ട് 32 ഗ്ലാസ് ശീതളപാനീയമുണ്ടാക്കാന്‍ സാധിക്കുമായിരുന്നു. 80കളിലും 90കളിലും ഉള്ളവര്‍ക്ക് ഐ ലവ് യു രസ്‌ന എന്ന പരസ്യവാചകം ഇന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നാണ്.