ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബോബ് ചാപെക്കിനെ പിരിച്ചുവിട്ട് മുന്‍ സിഇഒ ബോബ് ഇഗറിനെ തിരികെ കൊണ്ടുവന്ന് ഡിസ്‌നി. വളരെപ്പെട്ടെന്നായിരുന്നു ഡിസ്‌നിയുടെ നടപടികള്‍. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമാണ് ഡിസ്‌നിയുടെ തലപ്പത്ത് ചാപെക് ഉണ്ടായിരുന്നത്. ഈ കാലയളവില്‍ കമ്പനിയുടെ ചെലവ് വര്‍ധിക്കുകയും ഓഹരികള്‍ 41 ശതമാനത്തോളം ഇടിയുകയും ചെയ്തിരുന്നു.
ചാപെക്കിന് മുന്‍പ് ഡിസ്‌നിയുടെ സിഇഒ ആയി 15 വര്‍ഷം പ്രവര്‍ത്തിച്ചയാളാണ് ഇഗര്‍. കമ്പനിയുടെ മൂലധനം അഞ്ച് മടങ്ങായി വര്‍ധിപ്പിക്കാന്‍ ഈ കാലയളവില്‍ ഇദ്ദേഹത്തിന് സാധിച്ചിരുന്നു. പിക്‌സാര്‍, മാര്‍വല്‍, ലൂകാസ്ഫിലിം, 21st സെഞ്ചുറി ഫോക്‌സ് എന്നിവയെ ഏറ്റെടുക്കാനും ചൈനയില്‍ ആദ്യ തീംപാര്‍ക്ക് ആംരഭിക്കാനും ഡിസ്‌നി പ്ലസ്, ഇഎസ്പിഎന്‍ പ്ലസ് സ്ട്രീമിങ് സര്‍വീസുകള്‍ ആരംഭിക്കാനും കമ്പനിയെ പ്രാപ്തമാക്കിയത് ഇഗറിന്റെ നേതൃത്വമായിരുന്നു. ഇഗര്‍ തന്നെയാണ് തന്റെ പിന്‍ഗാമിയായി പടിയിറങ്ങുമ്പോള്‍ അന്ന് ചാപെക്കിനെ നിര്‍ദേശിച്ചതും.
എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തിയുണ്ടായതിനെ തുടര്‍ന്നാണ് വീണ്ടും ഇഗറിനെ തിരികെ കൊണ്ടുവരാനുള്ള ഡിസ്‌നിയുടെ തീരുമാനം.