മൂന്ന് ദിവസം കൊണ്ട് ദൃശ്യം-2 ഹിന്ദി പതിപ്പ് നേടിയത് 62 കോടി. ഇതോടെ ബോളിവുഡ് സൂപ്പര്‍ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. ആദ്യദിനം 15 കോടി കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. 50 കോടി ബജറ്റില്‍ നിര്‍മിച്ച സിനിമ ഇപ്പോള്‍ തന്നെ മുതല്‍മുടക്ക് പിന്നിട്ടു കഴിഞ്ഞു. ആദ്യ ദിനം മികച്ച പ്രതികരണം ലഭിച്ചതോടെ ശനി, ഞായര്‍ ദിവസങ്ങളിലും പ്രേക്ഷകര്‍ തീയേറ്ററുകളില്‍ ഇടിച്ചുകയറി. ടി സീരിസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നു നിര്‍മിക്കുന്ന സിനിമയുടെ കോ പ്രൊഡ്യൂസേഴ്സ്് ആന്റണി പെരുമ്പാവൂരും ആശീര്‍വാദ് സിനിമാസുമാണ്.
അഭിഷേക് പത്താനാണ് സിനിമ സംവിധാനം ചെയ്തത്. ചിത്രത്തില്‍ അജയ് ദേവ്ഗണ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദൃശ്യം രണ്ടാം ഭാഗത്തില്‍ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. അജയ് ദേവ്ഗണ്-അക്ഷയ് ഖന്ന താരങ്ങളുടെ അഭിനയപ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. ചിത്രം 300 കോടി നേടുമെന്നാണ് പ്രതീക്ഷ.