കണ്ണൂരിനെ ഇലക്ട്രോണിക് ഘടകങ്ങളുടെ ഹബ്ബാക്കും: മന്ത്രി

Related Stories

കണ്ണൂരിനെ ഇലക്ട്രോണിക് ഘടകങ്ങളുടെ ഹബ്ബാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്.
ധര്‍മശാലയില്‍ കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്‌സ് ലിമിറ്റഡിന്റെ (കെസിസിഎല്‍) എംപിപി റെക്ടാംഗുലര്‍ കപ്പാസിറ്റര്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ പാസീവ് കംപോണന്റുകളാണ് കെസിസിഎല്‍ ഉത്പാദിപ്പിക്കുന്നത്. ആക്ടീവ് കംപോണന്റുകള്‍ കൂടി ഉത്പാദിപ്പിച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹബ്ബായി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

2023 ഏപ്രിലോടെ കെസിസിഎല്‍ ഉത്പാദിപ്പിക്കുന്ന സൂപ്പര്‍ കപ്പാസിറ്ററുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കും. ആയിരം കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമാക്കി കെല്‍ട്രോണിനെ ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒന്നര വര്‍ഷത്തിനുള്ളില്‍ 120 പേരെ കെല്‍ട്രോണില്‍ റിക്രൂട്ട് ചെയ്തു. കണ്ണൂര്‍ കെല്‍ട്രോണിലെ 60 ഓളം ഒഴിവുകള്‍ മൂന്ന് മാസത്തിനകം നികത്തുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ അഭിമാനമായ കെല്‍ട്രോണ്‍ അടുത്ത വര്‍ഷം സുവര്‍ണ ജൂബിലിയിലേക്ക് കടക്കുകയാണ്. ചരിത്രമോര്‍ക്കുന്ന കുതിപ്പിന്റെ വര്‍ഷമായി ഇതിനെ മാറ്റും. ഓരോ മാസവും ഓരോ പുതിയ ഉത്പന്നം നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. എല്ലാ സ്ഥാപനങ്ങളും ലാഭകരമായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

സിലിണ്ട്രിക്കല്‍ ആകൃതിയിലുള്ള കപ്പാസിറ്ററുകളില്‍നിന്നും മാറി ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കെസിസിഎല്‍ പുതുതായി നിര്‍മിച്ച മോട്ടോര്‍ റണ്‍ റെക്ടാംഗുലാര്‍ കപ്പാസിറ്ററുകള്‍ മന്ത്രി പുറത്തിറക്കി. ചതുരാകൃതിയിലുള്ള ഇത്തരം ചെറിയ കപ്പാസിറ്ററുകളുടെ നിര്‍മാണത്തിനായി രണ്ടു കോടി രൂപ ചെലവിലാണ് ഉത്പാദന കേന്ദ്രം നിര്‍മിച്ചത്.11 മെഷീനുകള്‍ ഇവിടെ പുതുതായി സ്ഥാപിച്ചു. ഒരു കോടി രൂപ ചെലവില്‍ വിപുലീകരിച്ച ഇലക്ട്രോ ലൈറ്റിക് കപ്പാസിറ്റര്‍ കേന്ദ്രവും 60 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച വെയര്‍ഹൗസും മന്ത്രി ഉദ്ഘാടനം ചെയ്തു. 4220 ചതുരശ്ര അടി വിസ്തൃതിയിലാണ് വെയര്‍ഹൗസ് കെട്ടിടം നിര്‍മിച്ചത്.

ഒരു വര്‍ഷത്തെ അന്തര്‍സംസ്ഥാന അന്വേഷണഫലമായി കെല്‍ട്രോണിന്റെ വ്യാജ കപ്പാസിറ്ററുകള്‍ നിര്‍മിക്കുന്ന ഡല്‍ഹിയിലെ ഫാക്ടറി റെയ്ഡ് ചെയ്ത് പൂട്ടിച്ച കണ്ണപുരം പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ എ.അനില്‍കുമാര്‍, പി.രമേശന്‍ (ജിഎസ്ഐ), എന്‍.മനേഷ് (ജിഎഎസ്ഐ), കെ.കെ. സജേഷ് (ജിഎസ് സിപിഒ) എന്നിവരടങ്ങുന്ന പോലീസ് സംഘത്തെ മന്ത്രി ആദരിച്ചു. കെല്‍ട്രോണ്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എം.വിജിന്‍ എംഎല്‍എ അധ്യഷത വഹിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories