നവസംരംഭകർക്ക് ആകർഷകമായ സമ്മാനങ്ങളുമായി നൂതനാശയ മത്സരമൊരുക്കി വ്യവസായ വാണിജ്യവകുപ്പ്. നൂതന സംരംഭക ആശയങ്ങൾ ഉള്ളവർക്ക് മികച്ച അവസരമാണ് സർക്കാർ ഒരുക്കുന്നത്.
ഡ്രീംവെസ്റ്റർ മത്സരത്തിൽ ഒന്നാം സ്ഥാനം കൈവരിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാമതെത്തുന്നവർക്ക് 3 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 2 ലക്ഷം രൂപയും സമ്മാനം ലഭിക്കും. 4 മുതൽ 10 സ്ഥാനം വരെയുള്ളവർക്ക് ഒരു ലക്ഷം രൂപ വീതവും 11 മുതൽ 20 സ്ഥാനം വരെയുള്ളവർക്ക് 25000 രൂപ വീതവും സമ്മാനം ലഭിക്കും.
ഡ്രീംവെസ്റ്റർ നൂതനാശയ മത്സരത്തിൽ അവതരിപ്പിക്കുന്ന ആശയങ്ങൾ ആകർഷകമാണെങ്കിൽ സർക്കാർ പിന്തുണ നൽകും. തെരഞ്ഞെടുക്കുന്ന എല്ലാ ആശയങ്ങൾക്കും സർക്കാർ ഉടമസ്ഥതയിലുള്ള ഇൻകുബേഷൻ സെന്ററുകളിലെ ഇൻകുബേഷൻ സ്പേസിലേക്കുള്ള പ്രവേശനം, മെന്ററിങ്ങ് പിന്തുണ, സീഡ് കാപ്പിറ്റൽ സഹായം, വിപണിബന്ധങ്ങൾ എന്നീ സഹായം ലഭ്യമാക്കും.
സംരംഭക വർഷം പദ്ധതിയുടെ പശ്ചാത്തലത്തിൽ നടപ്പിലാക്കുന്ന സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇന്നുമുതൽ 2022 ഡിസംബർ 23 വരെയുള്ള കാലയളവിൽ www.dreamvestor.in വെബ്സൈറ്റിലൂടെ ആശയങ്ങൾ സമർപ്പിക്കാം.