ആഫ്രിക്കൻ കാർഷിക രംഗത്ത് താരംഗമാകാൻ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ്.
കീടങ്ങളെ തുരത്താനും ശാസ്ത്രീയ രീതികളിലൂടെ വിളവു വർദ്ധിപ്പിക്കാനുമുള്ള ദൗത്യങ്ങൾക്കായി കേരളത്തിൽ നിന്നുള്ള ഡ്രോണുകൾ. ആഫ്രിക്കയിലേക്ക് പറക്കും.
ചേർത്തല പട്ടണക്കാട് സ്വദേശികളായ ദേവൻ ചന്ദ്രശേഖരൻ, സഹോദരി ദേവിക എന്നിവരുടെ സ്റ്റാർട്ടപ്പായ ഫ്യൂസലേജ് ഇന്നവേഷൻസിന്റെ ഡ്രോണുകളാണ് ആഫ്രിക്കയിലേക്ക് പോകുന്നത്.
രാജ്യാന്തര കാർഷിക ഗവേഷണ സ്ഥാപനമായ ഇക്രിസാറ്റുമായി സഹകരിച്ചാണ് പദ്ധതി.
ഒരു ഡ്രോണിന് ഏഴര ലക്ഷം രൂപ വിലവരും. സ്പ്രേയിംഗ് ഡ്രോൺ, ഡേറ്റ ശേഖരിക്കാനുള്ള സർവെയ്ലൻസ് ഡ്രോൺ എന്നിവയാണ് നിർമ്മിക്കുന്നത്. 10 ലിറ്റർ ശേഷിയുള്ള സ്പ്രേയിംഗ് ഡ്രോണിന് എട്ടു മിനിട്ടുകൊണ്ട് ഒരേക്കറിൽ ദൗത്യം പൂർത്തിയാക്കാം. സർവെയ്ലൻസ് ഡ്രോണിന് 10 മിനിട്ടുകൊണ്ട് 10 ഏക്കറിലെ ഡേറ്റ ശേഖരിക്കാം.
ദേവൻ എയറോനോട്ടിക്കൽ എൻജിനിയറിംഗിലും ദേവിക ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിലും ബിരുദധാരികളാണ്.
മൊറോക്കോയിലാണ് തുടക്കം. ഇക്രിസാറ്റിന്റെ മൊറോക്കോയിലെ ഓഫീസ് വഴിയാണ് ഫ്യൂസലേജ് ഇന്നവേഷൻസിന് അവസരം ലഭിച്ചത്. ഫ്യൂസലേജിന് മൊറോക്കോയിൽ യൂണിറ്റ് തുടങ്ങേണ്ടിവന്നേക്കും.
പ്രതിവർഷം 1,000 ഡ്രോണുകൾ നിർമ്മിക്കാനുള്ള ശേഷി ഫ്യൂസലേജിനുണ്ട്.സ്റ്റാർട്ടപ്പിൽ 15 പേരാണുള്ളത്. കൂടുതൽ പേർക്കു തൊഴിൽ നൽകാനും പദ്ധതി സഹായകമാകും.
രണ്ടുവർഷം മുമ്പ് കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ സഹായത്തോടെ ഏഴരലക്ഷം രൂപ മുടക്കി കളമശേരി മേക്കർ വില്ലേജിൽ തുടങ്ങിയ ഫ്യൂസലേജിന് ഇപ്പോൾ ഒരു കോടി രൂപ വിറ്റുവരവുണ്ട്. ഹിറ്റാച്ചി നാഷണൽ ഇന്നവേഷൻ ചലഞ്ചിൽ 30ലക്ഷം രൂപയുടെ സമ്മാനം നേടി. ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ പിന്തുണയുണ്ട്.