അടുത്ത ഓണത്തോടെ കേരള സര്‍ക്കാര്‍ മലബാര്‍ ബ്രാന്‍ഡി പുറത്തിറക്കുന്നു. അടച്ചുപൂട്ടിയ ചിറ്റൂര്‍ പഞ്ചസാര മില്ല് ഡിസ്റ്റിലറിയാക്കി മാറ്റി മദ്യ ഉല്‍പാദനം ആരംഭിക്കുകയാണ് കേരളം. സര്‍ക്കാര്‍ മേഖലയില്‍ മദ്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട് ചിറ്റൂരിലെ മലബാര്‍ ഡിസ്റ്റിലറികളില്‍ നിന്ന് മലബാര്‍ ബ്രാന്‍ഡി വിപണിയിലെത്തിക്കുന്നത്. ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല.
സര്‍ക്കാര്‍ അംഗീകാരവും മദ്യനിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായി.
സിവില്‍, ഇലക്ട്രിക് ജോലികള്‍ ആദ്യഘട്ടത്തില്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. 2023 മാര്‍ച്ചിന് മുമ്ബ് പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ആദ്യഘട്ടത്തില്‍ അഞ്ച് പ്രൊഡക്ഷന്‍ ലൈനുകള്‍ സ്ഥാപിക്കും. പ്രതിമാസം 3.5 ലക്ഷം കെയ്‌സ് മദ്യം ഉത്പാദിപ്പിക്കാനാണ് പദ്ധതി. നിര്‍മ്മാണത്തിനായി 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സഹകരണ മേഖലയില്‍ 1965 ല്‍ ആരംഭിച്ച ചിറ്റൂര്‍ പഞ്ചസാര മില്‍ 2003 ലാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.