അക്ഷയ കേന്ദ്രങ്ങള്‍ സമൂഹ മാറ്റത്തില്‍ സുപ്രാധാന പങ്കു വഹിക്കുന്നുണ്ടെന്നും അക്ഷയ സംരംഭകര്‍ നല്‍കുന്ന സേവനം വിസ്മരിക്കാനാവില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇരുപതാമത് അക്ഷയ വാര്‍ഷികാഘോഷത്തിനും കുടുംബസംഗമത്തിനും ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയായിരുന്നു മന്ത്രി. കാലഘട്ടത്തിന്റെ മാറ്റമനുസരിച്ചു അക്ഷയ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുവെന്നത് ചെറിയ കാര്യമല്ലെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടറെയും ജില്ലാ പ്രോഗ്രാം മാനേജറെയും അക്ഷയ കേന്ദ്രങ്ങളെയും മന്ത്രി ചടങ്ങില്‍ അഭിനന്ദിച്ചു.
സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ മുഖ്യ കേന്ദ്രബിന്ദുവായ് പ്രവര്‍ത്തിക്കുന്നവയാണ് അക്ഷയ കേന്ദ്രങ്ങളെന്ന് ഡീന്‍ കുര്യാക്കോസ് എം. പി പറഞ്ഞു. വാര്‍ഷികാഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഴൂര്‍ സോമന്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.
ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ പുറ്റടി അക്ഷയയിലെ പ്രിന്‍സ് രാജു, മികച്ച അക്ഷയ സംരംഭകന്‍ തോപ്രാംകുടി അക്ഷയയിലെ ബ്ലസിന്‍ ജോസ്, മികച്ച രീതിയില്‍ മസ്റ്ററിങ് നടത്തിയ ആനച്ചാല്‍ അക്ഷയയിലെ നിഷാന്ത് സി.വൈ, മികച്ച റേഷന്‍ കാര്‍ഡ് സര്‍വീസ് നല്‍കിയ തൊടുപുഴ അക്ഷയയിലെ ഹാരിസ് എം.എ., ഏറ്റവും കൂടുതല്‍ ആധാര്‍ സേവനം നല്‍കിയ മുതലക്കോടം അക്ഷയയിലെ മോണ്‍സണ്‍ മാത്യു, മികച്ച രീതിയില്‍ ഇ-ഡിസ്ടിക്റ്റ് സേവനം നല്‍കിയ വണ്ടിപ്പെരിയാര്‍ അക്ഷയയിലെ എബനേസര്‍ എബിനി എന്നിവര്‍ക്ക് ചടങ്ങില്‍ മന്ത്രി ഉപഹാരം നല്‍കി.
യോഗത്തില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ അക്ഷയ സംരംഭകര്‍ക്ക് പ്രശംസാ പത്രം നല്‍കി. പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, എ.ഡി.എം. ഷൈജു പി. ജേക്കബ്, അക്ഷയ ജില്ലാ പ്രോഗ്രാം മാനേജര്‍ ഷംനാദ് സി.എം., അക്ഷയ സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.