ഇന്ത്യന്‍ വംശജരായ ബിസിനസ് എക്‌സിക്യൂട്ടിവ് ഓഫീസര്‍മാര്‍ സുന്ദര്‍ പിച്ചയ്ക്കും സത്യ നദെല്ലയ്ക്കും രാജ്യത്തെ മൂന്നാമത് പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷണ്‍. വാണിജ്യ, വ്യവസായ രംഗത്തെ സംഭാവനകള്‍ക്കാണ് ഇരുവരെയും രാജ്യം പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.
സുന്ദര്‍ പിച്ചയും നദെല്ലയുമടക്കം 17 പേരാണ് ഇക്കുറി പദ്മഭൂഷണ് അര്‍ഹരായത്.
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ 1972 ജൂണ്‍ 10ന് തമിഴ്നാട്ടിലെ മധുരയിലാണ് ജനിച്ചത്. ഐഐടി ഖാരഗ്പൂരില്‍ നിന്ന് മെറ്റലര്‍ജിയില്‍ എഞ്ചിനീയറിങ് ബിരുദം നേടി അമേരിക്കയിലെത്തിയ അദ്ദേഹം സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്ങില്‍ എംഎസ്, പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്ന് എംബിഎ എന്നിവ നേടി.
മെറ്റീരിയല്‍ എഞ്ചിനീയറായി കരിയര്‍ ആരംഭിച്ച അദ്ദേഹം 2004ല്‍ ഗൂഗിളിലെത്തി. ഗൂഗിള്‍ ക്രോം, ക്രോം ഒഎസ്, ഗൂഗിള്‍ ഡ്രൈവ് എന്നിവ വികസിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ജിമെയില്‍, ഗൂഗിള്‍ മാപ്പ് എന്നിവ വികസിപ്പിക്കുന്നതിലും മേല്‍നോട്ടം വഹിച്ചു.
ലാരി പേജിന്റെ പിന്തുടര്‍ച്ചക്കാരനായി 2015 ഓഗസ്റ്റില്‍ ഗൂഗിള്‍ സിഇഒ പദവിയിലേക്ക്. 2017ല്‍ ആല്‍ഫബറ്റ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ അംഗമായ പിച്ചയുടെ വാര്‍ഷിക വരുമാനം 20 ലക്ഷം യുഎസ് ഡോളറാണ്.
മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, ബുക്കാപുരം നദെല്ല യുഗന്ദറിന്റെയും പ്രഭാവതി യുഗന്ദറിന്റെയും മകനായി 1967ല്‍ ഹൈദരാബാദിലാണ് ജനിച്ചത്.
കര്‍ണാടകയിലെ മണിപ്പാല്‍ സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടി അമേരിക്കയിലേക്ക് പോയ അദ്ദേഹം
വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ എംഎസ്, ഷിക്കാഗോ ബൂത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് മാസ്റ്റേഴ്സ് ബിരുദവും നേടി.
1992ല്‍ മൈക്രോസോഫ്റ്റില്‍ എത്തിയ അദ്ദേഹം ബില്‍ ഗേറ്റ്സിനും സ്റ്റീവ് ബാള്‍മറിനും ശേഷം 2014ല്‍ കമ്പനിയുടെ മൂന്നാമത് സിഇഒ ആയി സ്ഥാനാരോഹണം ചെയ്തു.വിന്‍ഡോസ് ടെണ്‍ പുറത്തിറക്കി വെറും മൂന്ന് മാസത്തിനകം 110 ദശലക്ഷം ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനായിരുന്നു.