ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പദ്മഭൂഷണ്‍ ഏറ്റുവാങ്ങി ഗുഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ഇന്ത്യയെന്നും തന്റെ ഭാഗമാണെന്നും എവിടെപ്പോയാലും അത് ഒപ്പമുണ്ടാകുമെന്നും പദ്മഭൂഷണ്‍ ഏറ്റുവാങ്ങിയ ശേഷം ബ്ലോഗ് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു. അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജീത്ത് സിങ് സന്ധുവില്‍ നിന്നാണ് പിച്ചൈ പദ്മഭൂഷണ്‍ ഏറ്റുവാങ്ങിയത്.
ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വമരുളുന്നതു വഴി ആഗോള സമ്പദ് വ്യവസ്ഥയെ ഓപ്പണ്‍ ഇന്റര്‍നെറ്റിലൂടെ നവീകരിക്കാനും സുരക്ഷിതമാക്കാനും അവസരമൊരുങ്ങുമെന്നും പിച്ചൈ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ നയത്തെയും അദ്ദേഹം പ്രശംസിച്ചു. ഗൂഗിള്‍ ഇന്ത്യയില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നിക്ഷേപങ്ങള്‍ തുടരുന്നതിലും സര്‍ക്കാരുകളുമായും വ്യവസായങ്ങളുമായും പങ്കാളിത്തത്തിലേര്‍പ്പെടുന്നതിലും തനിക്ക് അഭിമാനമുണ്ടെന്നും പിച്ചൈ വ്യക്തമാക്കി.
ഗൂഗിള്‍, ഡിജിറ്റല്‍ നൈപുണ്യത്തില്‍ വന്‍ നിക്ഷേപം നടത്തി. വുമണ്‍ വില്‍ എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിലൂടെ 1 ദശലക്ഷത്തിലധികം സ്ത്രീകളെയും സര്‍ക്കാരുമായി സഹകരിച്ച് 55,000 അധ്യാപകരെയും പരിശീലിപ്പിച്ചിട്ടുണ്ടെന്നും പിച്ചൈ പറഞ്ഞു.