ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതി എട്ടു മാസം കൊണ്ട് ലക്ഷ്യത്തിലെത്തിയിരിക്കുന്നു. വ്യവ്‌സായ വകുപ്പ് മന്ത്രി പി.രാജീവാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. 6130 കോടി രൂപയുടെ നിക്ഷേപമെത്തിച്ചും 216000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുമാണ് എട്ടു മാസം കൊണ്ട് ലക്ഷ്യം നേടിയത്. മലപ്പുറം, എറണാകുളം, കൊല്ലം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെല്ലാം 9000 സംരംഭങ്ങള്‍ക്ക് മുകളില്‍ തുടങ്ങാന്‍ സാധിച്ചു.
വ്യവസായ വകുപ്പിന്റെ ഡാഷ്‌ബോര്‍ഡില്‍ ആ മാന്ത്രിക സംഖ്യ ഇന്ന് രാവിലെ തെളിഞ്ഞുവെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഒരു വര്‍ഷം കൊണ്ട് നോടാന്‍ ഉദ്ദേശിച്ചതാണ് 8 മാസം കൊണ്ട് നേടിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് വെച്ചത്. സംരംഭങ്ങള്‍ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സര്‍ക്കാര്‍ ഒരുക്കി നല്‍കിയ പശ്ചാത്തല സൗകര്യങ്ങള്‍, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി ഈ പദ്ധതി സൃഷ്ടിച്ച റെക്കോഡുകള്‍ നിരവധിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.