ട്വിറ്റര്‍ കമ്പനി ഏറ്റെടുത്ത ശേഷമുള്ള ഇലോണ്‍ മസ്‌കിന്റെ കൂട്ടപ്പിരിച്ചുവിടല്‍ സ്ത്രീകളെ ഉന്നംവെച്ചായിരുന്നു എന്ന് പരാതി ഉയരുന്നു. രണ്ട് മുന്‍ വനിതാ ജീവനക്കാരാണ് കഴിഞ്ഞ ദിവസം മസ്‌കിനെതിരെ കോടതിയില്‍ പരാതി നല്‍കിയത്. ട്വിറ്റര്‍ വനിതാ ജീവനക്കാരെ ആനുപാതികമായല്ല കൂട്ടത്തോടെ പിരിച്ചുവിടുന്നത് എന്ന പരാതിയാണ് സാന്‍ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയില്‍ നല്‍കിയിരിക്കുന്നത്.
തൊഴിലിടത്തെ ലിംഗ വിവേചനം നിരോധിക്കുന്ന ഫെഡറല്‍, കാലിഫോര്‍ണിയന്‍ നിയമങ്ങളുടെ ലംഘനമാണ് ട്വിറ്ററിന്റെ വിവേചനപരമായ പെരുമാറ്റമെന്ന് പരാതിക്കാര്‍ അവകാശപ്പെടുന്നു.
ആകെ പിരിച്ചുവിട്ടവരില്‍ 57 ശതമാനവും സ്ത്രീകളാണെന്നും 43 ശതമാനം മാത്രമേ പുരുഷന്‍മാര്‍ ഉള്ളൂ എന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. എഞ്ചിനീയറിങ് വിഭാഗത്തിലാകട്ടെ പിരിച്ചുവിട്ട 63 ശതമാനം പേരും വനിതകളാണ്.
ട്വിറ്റര്‍ ആസ്ഥാനത്തെ ജീവനക്കാര്‍ക്കൊപ്പം മസ്‌ക് അടുത്തിടെ പങ്കു വച്ച ഒരു ചിത്രവും വനിതകളുടെ അസാന്നിധ്യത്തെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.