കേരളത്തില്‍ എട്ടു മാസം കൊണ്ട് ഒരു ലക്ഷം സംരംഭം സൃഷ്ടിക്കാന്‍ സാധിച്ചതിന്റെ ആഘോഷത്തിലും ആവേശത്തിലുമാണ് സംസ്ഥാന വ്യാവസായിക വകുപ്പ്. എന്നാല്‍ ഈ വാര്‍ത്തകളൊന്നും ഇടുക്കിക്കാര്‍ക്ക് സന്തോഷം പകരുന്നതല്ല. പുതുതായി സംരംഭങ്ങള്‍ തുടങ്ങിയ കണക്കെടുത്താല്‍ പതിനാലു ജില്ലകളുടെ പട്ടികയില്‍ പതിമൂന്നാമത് മാത്രമായി ഒതുങ്ങേണ്ട ഗതികേടിലാണ് ഇടുക്കി. എറണാകുളവും മലപ്പുറവുമടക്കമുള്ള ജില്ലകളില്‍ വെറും എട്ട് മാസം കൊണ്ട് പതിനായിരത്തിലധികം സംരംഭങ്ങള്‍ ആരംഭിച്ചപ്പോള്‍ ഇടുക്കിയിലിത് വെറും 3208 ആണ്.
പല ജില്ലകളിലും നിക്ഷേപം ആയിരം കോടിയിലേക്കടുക്കുമ്പോള്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇടുക്കിക്ക് 177.48 കോടിയുടെ നിക്ഷേപം നേടാന്‍ മാത്രമേ സാധിച്ചിട്ടുള്ളൂ.
സംരംഭം തുടങ്ങാന്‍ ആദ്യം വേണ്ടത് കെട്ടിടമാണെന്നിരിക്കെ, ജില്ലയില്‍ നിലനില്‍ക്കുന്ന നിര്‍മാണ നിരോധനം ഇതിനു തന്നെ തടയിടുന്നു. നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് ഒരു സംരംഭത്തിനും ഇടുക്കിയില്‍ സാധ്യതയില്ല എന്നത് മറ്റൊരു വസ്തുത.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട അഗ്രോ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധ്യതയുള്ള ജില്ലകളുടെ കൂട്ടത്തിലാണ് സര്‍ക്കാര്‍ ഇടുക്കിയെ പെടുത്തിയിരിക്കുന്നത്. ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങള്‍ ഉയര്‍ന്ന തോതില്‍ ഉത്പാദിപ്പിക്കുന്നു എന്നതാണ് കാരണം. എന്നാല്‍, ഏലത്തിന് വില ലഭിക്കാതായതോടെ ഇതും അവതാളത്തിലായി.
ക്ഷീര മേഖലയിലും സ്ഥിതി മറ്റൊന്നല്ല. ഫാമുകളോ ക്ഷീര ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സംരംഭങ്ങളോ തുടങ്ങാമെന്നു കരുതിയാല്‍ ഉയര്‍ന്ന കാലിത്തീറ്റ വിലയും മറ്റും സംരംഭകരെ പിന്നോട്ടു വലിക്കും. ബഫര്‍സോണ്‍ വിഷയം കൂടി തലയ്ക്കു മുകളില്‍ നില്‍ക്കുന്നതിനാല്‍ പല ടൗണുകൡും സംരംഭങ്ങള്‍ തുടങ്ങാന്‍ ജനങ്ങള്‍ക്ക് ഭയമാണ്.
സംരംഭക സ്വപ്‌നം കാണുന്ന ഇടുക്കിക്കാര്‍ക്ക് മറ്റ് ജില്ലയിലേക്ക് കുടിയേറേണ്ട അവസ്ഥയിലായിരിക്കുന്നു.
ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാതെ ഇവിടെ വികസനം സാധ്യമല്ലെന്നിരിക്കെ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് ഇടുക്കിയെ വ്യാവസായികമായി മുന്നോട്ട് കൊണ്ടുവരണമെന്നാണ് വ്യാപാരികളുടെയും സംരംഭകരുടെയും ആവശ്യം.