ഏലത്തിന് 2000 രൂപയും റബ്ബറിന് 250 രൂപയും താങ്ങുവില പ്രഖ്യാപിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യമുന്നയിച്ച് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. റബ്ബര്‍, ഏലം വില പൊടുന്നനെ ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം സഭയെ അറിയിച്ചു. ക്രിസ്മസ് ഉത്സവ സീസണില്‍ വില പിടിച്ചുനിര്‍ത്താനാകുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായ ഈ വിലയിടിവ്. 200 രൂപയെങ്കിലും കിലോയ്ക്ക് ലഭിക്കുമെന്ന് കരുതിയ റബ്ബറിന് നൂറ്റിയമ്പതിലേക്ക് വിലയിടിഞ്ഞു. ഏലം കര്‍ഷകരുടെ അവസ്ഥയും വ്യത്യസ്ഥമല്ല. 2019 ഓഗസ്റ്റില്‍ കിലോയ്ക്ക് 7000 രൂപ വരെ ലഭിച്ച ഏലത്തിന് കിലോയ്ക്ക് വെറും 800 രൂപയില്‍ താഴെ മാത്രമാണ് പ്രാദേശിക വിപണിയില്‍ ഇപ്പോള്‍ വില ലഭിക്കുന്നത്. ഏലത്തിന്റെയും റബ്ബറിന്റെയും ഡിമാന്‍ഡില്‍ വന്ന ഇടിവും ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള അനിയന്ത്രിത ഇറക്കുമതിയുമാണ് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പണിക്കൂലിയും വളങ്ങളുടെ വിലക്കയറ്റവും അടക്കമുള്ള ഉത്പാദനച്ചെലവുകള്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ വിളകള്‍ കൃഷി ചെയ്യുന്നത് പൂര്‍ണമായും അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. ഇത് കേരളത്തിന്റെ കാര്‍ഷിക സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കും. അതിനാല്‍ റബ്ബറിന് 250 രൂപയും ഏലത്തിന് 2000 രൂപയും താങ്ങുവില നിശ്ചയിക്കണമെന്ന് എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.