ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ തന്നെ ഇപ്പോള്‍ മസ്‌കിന് പണിയുമായി എത്തിയിരിക്കുന്നു. നവംബറില്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഓഫീസില്‍ നിന്നും പറഞ്ഞുവിട്ട അല്‍ഫോന്‍സോ ഫോണ്‍സ് ടെറല്‍, ഡിവാരിസ് ബ്രൗണ്‍ എന്നിവര്‍ ചേര്‍ന്ന് പുതിയൊരു ട്വിറ്റര്‍ ബദലിന്റെ നിര്‍മാണത്തിലാണ്. ഏറെക്കാലമായി ട്വിറ്ററിന്റെ സോഷ്യല്‍ എഡിറ്റോറിയലിന്റെ ആഗോള തലവനായി സേവനമനുഷ്ഠിക്കുകയായിരുന്നു അല്‍ഫോന്‍സോ ഫോണ്‍സ് ടെറല്‍. ഡിവാരിസ് ബ്രൗണ്‍ ട്വിറ്ററില്‍ പ്രൊഡക്റ്റ് മാനേജര്‍ തലവനായിരുന്നു.
‘സ്പില്‍’ എന്ന് പേരിട്ടിരിക്കുന്ന ആപ്പിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞെന്നും ജനുവരിയോടെ ആപ്പ് ലഭ്യമായിത്തുടങ്ങുമെന്നും ഇരുവരും അറിയിച്ചു. ട്വിറ്ററിനെ മടുത്ത് ഒഴിവാക്കിയവര്‍ക്ക് ‘സ്പില്‍’ മികച്ച സോഷ്യല്‍മീഡിയ ആയിരിക്കുമെന്നും സംസ്‌കാരത്തിന് മുന്‍ഗണ നല്‍കുന്ന പ്ലാറ്റ്ഫോമായിരിക്കും ഇതെന്നും ഇരുവരും അവകാശപ്പെടുന്നു. കറുത്ത നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍, ക്വിയര്‍ പ്രവര്‍ത്തകര്‍ തുടങ്ങിയ ഉപയോക്താക്കളെ ഉയര്‍ത്തിക്കാട്ടാന്‍ ഒരു ഇടം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അങ്ങനെയാണ് സ്പില്‍ നിലവില്‍ വന്നതെന്നും ടെക് ക്രഞ്ചിന് (TechCruch) നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പറഞ്ഞു.