5ജി സേവനങ്ങള്‍ക്ക് ഇന്ന് മുതല്‍ കേരളത്തിലും തുടക്കം.
കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ ഇന്ന് വൈകിട്ട് മുതല്‍ 5ജി സേവനം ലഭ്യമായി തുടങ്ങും. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം 5ജി വിദ്യാഭ്യാസ, മെഡിക്കല്‍, തൊഴില്‍ മേഖലയിലടക്കം വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നതില്‍ വിശദമായ അവതരണവും നടക്കും.
റിലയന്‍സ് ജിയോ ആണ് കേരളത്തില്‍ 5 ജി ആദ്യമായി എത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത മേഖലകളിലാകും ലഭ്യമാകുക.
തിരഞ്ഞെടുത്ത മേഖലയിലെ തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക് വരുന്ന ഏതാനും ദിവസം ട്രയല്‍ റണ്ണായി ആണ് 5ജി കിട്ടുക. അതിന് ശേഷമാകും കൂടുതല്‍ സ്ഥലങ്ങളില്‍ കൂടുതല്‍ വ്യക്തികളിലേക്ക് 5ജി എത്തുക.
5ജിയില്‍ 4ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 5ജി ഫോണുള്ളവര്‍ക്ക് ഫോണിലെ സെറ്റിങ്സില്‍ മാറ്റം വരുത്തിയാല്‍ മാത്രം മതി. സിം കാര്‍ഡില്‍ മാറ്റം വരുത്തേണ്ടി വരില്ല.