ബഫര്‍സോണ്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍:
വര്‍ക്ക്‌ഷോപ്പുകള്‍ക്ക് തുടക്കമായി

Related Stories

ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗ തീരുമാനത്തിന്റെ ഭാഗമായി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരുടെ നേതൃത്വത്തിലുള്ള വര്‍ക്ക്‌ഷോപ്പുകള്‍ക്ക് തുടക്കമായി. ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റി ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലും നടത്തി പുതിയ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനാണ് വനംവകുപ്പ് തീരുമാനം. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വി വിനോദിന്റെ അധ്യക്ഷതയില്‍ ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും തങ്ങളുടെ ആശങ്കകള്‍ പങ്കുവച്ചു.
നിലവില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ബഫര്‍സോണ്‍ സാറ്റലൈറ്റ് മാപ്പില്‍ അപാകതയുണ്ടെന്ന വനംവകുപ്പിന്റെ വിശദീകരണം വന്നതോടെയാണ് ഇടുക്കിയില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരുടെ നേതൃത്വത്തില്‍ വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. റവന്യൂ, വനം, പഞ്ചായത്ത് അധികൃതരെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തിയാണ് വര്‍ക്ക് ഷോപ്പ് നടത്തുന്നത്. ബഫര്‍സോണ്‍ അന്തിമ വിജ്ഞാപനമിറങ്ങിയ മതികെട്ടാന്‍ചോല ദേശീയ ഉദ്യാനത്തിന്റെയും നിലവില്‍ പുറത്തിറക്കിയ സാറ്റലൈറ്റ് മാപ്പിലെയും തെറ്റുകള്‍ തിരുത്തി ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വി വിനോദ് യോഗത്തില്‍ പറഞ്ഞു.
ഡിസംബര്‍ 21 ബുധനാഴ്ച വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരുടെ നേതൃത്വത്തിലുള്ള വര്‍ക്ക് ഷോപ്പുകള്‍ പൂര്‍ത്തീകരിക്കും. തുടര്‍ന്ന് 22 മുതല്‍ 24 വരെ പഞ്ചായത്ത് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി ഫീല്‍ഡ് സര്‍വെ നടത്തും. ബഫര്‍ സോണായി വരുന്ന പ്രദേശത്തിന്റെ അതിര്‍ത്തി കൃത്യമായി നിര്‍ണ്ണയിച്ച് തിട്ടപ്പെടുത്തുന്നതിനാണ് ഫീല്‍ഡ് സര്‍വെ. ഇതിന് ശേഷം 29 ന് വീണ്ടും കളക്ടറേറ്റില്‍ യോഗം ചേര്‍ന്ന് വിലയിരുത്തിയതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.
ശാന്തന്‍പാറയില്‍ നടന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ലിജു വര്‍ഗീസ്, സിനി ബേബി, സുമ ബിജു എന്നിവര്‍ പങ്കെടുത്തു

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories