സാമൂഹിക പ്രതിസന്ധികള്‍ക്ക് റോബോട്ടിക്സ് സാങ്കേതിക വിദ്യ വഴി പരിഹാരം കാണുന്ന മലയാളി സ്റ്റാര്‍ട്ടപ്പ് ജെന്റോബോട്ടിക്സിന്റെ സ്ഥാപകര്‍ക്ക് അദാനി ഗ്രൂപ്പിന്റെ ഫെല്ലോഷിപ്പ്. സംരംഭത്തെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും ഫെല്ലോഷിപ്പ് ജെന്‍ റോബോട്ടിക്സിനെ സഹായിക്കുമെന്ന് അദാനി ഗ്രൂപ്പിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
വിമല്‍ ഗോവിന്ദ് എം.കെ, അരുണ്‍ ജോര്‍ജ്, റഷീദ് കെ, നിഖില്‍ എന്‍.പി എന്നീ നാല് യുവാക്കള്‍ ചേര്‍ന്നാണ് ടെക്നോപാര്‍ക്ക് ആസ്ഥാനമായി സ്റ്റാര്‍ട്ടപ്പിന് രൂപം നല്‍കിയത്.
ഒരു സ്റ്റാര്‍ട്ടപ്പ് ആയി തുടങ്ങി, മാന്‍ഹോള്‍ ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം നല്കുവാനും മാനുവല്‍ സ്കാവെഞ്ചിംഗ് ഇല്ലാതാക്കുവാനുമുള്ള ശ്രമത്തില്‍ ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാവെഞ്ചര്‍ ബാന്‍ഡികൂട്ട് വികസിപ്പിച്ചുകൊണ്ടാണ് ജെന്റോബോട്ടിക്സ് ദേശീയ തലത്തില്‍ ശ്രദ്ധേയമായത്.
മാന്‍ഹോള്‍ വൃത്തിയാക്കുന്നതിന് മനുഷ്യനെ ഇറക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ജെന്റോബോട്ടിക്സിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഫെല്ലോഷിപ്പ് സഹായിക്കും. അദാനി ഗ്രൂപ്പും അതില്‍ പങ്കാളിയാകും. അവരുടെ ബാന്‍ഡികൂട്ട് പോലുള്ള ഉത്പന്നങ്ങള്‍ അദാനി പോര്‍ട്ടുകളിലും വിമാനത്താവളങ്ങളിലും ടൗണ്‍ഷിപ്പുകളിലും വിന്യസിക്കുമെന്നും അദാനി ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ പ്രീതി അദാനി പറഞ്ഞു.
മനുഷ്യന് മാന്ഹോളിലിറങ്ങാതെ അവ വൃത്തിയാക്കുന്നതിനും ശുചീകരണ തൊഴിലാളികളെ റോബോട്ടിക് ഓപ്പറേറ്റര്‍മാരായി പരിവര്‍ത്തനം ചെയ്യുന്നതിനും ബാന്‍ഡികൂട്ട് എന്ന ലോകത്തെ ആദ്യ സ്കാവെഞ്ചര്‍ റോബോട്ട് സഹായിക്കുമെന്നും ജെന്റോബോട്ടിക് ഡയറക്ടര്‍ വിമല്‍ ഗോവിന്ദ് പറഞ്ഞു.