കഴിഞ്ഞ വർഷത്തെ ലോകത്തെ ഏറ്റവും മികച്ച ഗൂഗിൾ പ്ലേസ്റ്റോർ ആപ്പുകളിൽ ഒന്നായി കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പായ റിയാഫൈ ടെക്‌നോളജിയുടെ ഡാൻസ് വർക്കൗട്ട് ഫോർ വെയിറ്റ് ലോസ് ആപ്പിനെ തിരഞ്ഞെടുത്തു. ഗൂഗിളിന്റെ ബെസ്റ്റ് ഓഫ് വൺ വിഭാഗത്തിലാണ് പുരസ്‌കാരം.
ബംഗളുരുവിൽ നടന്ന ഗൂഗിൾ ഡെവലപർ ഉച്ചകോടിയിൽ പ്രഖ്യാപിച്ച പുരസ്‌കാരം കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഹഡിൽ കേരളയിൽ വച്ച് തമിഴ്‌നാട് ഐടി മന്ത്രി ടി. മനോ തങ്കരാജ് റിയാഫൈക്ക് സമ്മാനിച്ചു. ഗൂഗിൾ പ്ലേ സ്റ്റോർ വഴിയുള്ള മൊബൈൽ ആപ്പുകളിൽ വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്‌കാര നിർണയം. കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത കമ്പനിയാണ് റിയാഫൈ ടെക്‌നോളജീസ്.
ആരോഗ്യത്തിനും വ്യായാമത്തിനും പ്രാധാന്യം കൈവന്ന കാലത്ത് മേഖലയിലെ സാദ്ധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്താനാണ് ആപ്പ് നിർമ്മിച്ചതെന്ന് സി.ഇ.ഒ ജോൺ മാത്യു പറഞ്ഞു.
ദിവസേന ചെയ്യുന്ന വ്യായാമത്തിൽ വിനോദകരമായ ചേരുവകൾ ചേർക്കുകയാണ് ആപ്പ് ചെയ്യുന്നത്. 11 ഭാഷകളിലായി 176 രാജ്യങ്ങളിൽ ആപ്പ് ലഭിക്കുന്നു. അടുത്ത ഒരു വർഷത്തിനുള്ളിൽ പത്തു ലക്ഷം പേരിലേക്ക് ഈ ആപ്പ് എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
2013 ൽ ആറ് സുഹൃത്തുക്കൾ ചേർന്നു സ്ഥാപിച്ച റിയാഫൈ എട്ട് വർഷത്തിനുള്ളിൽ നിരവധി നൂതന ഉത്പന്നങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റി. ഇന്ത്യയിലെ ഏറ്റവും വലിയ പാചകക്കുറിപ്പ് ആപ്പായ കുക്ക് ബുക്ക് റിയാഫൈയുടെ സംഭാവനയാണ്. 160 രാജ്യങ്ങളിൽ 27 ഭാഷകളിലായി നാലരക്കോടി ജനങ്ങളാണ് റിയാഫൈയുടെ വിവിധ ആപ്പുകൾ ഉപയോഗിക്കുന്നത്