സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളിലും സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി ഇടുക്കി ജില്ലാ കളക്ടറേറ്റിൽ പഞ്ചിംഗ് സംവിധാനം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 9.45 ന് ജില്ലാ കളക്ടർ ഷീബ ജോർജ് പഞ്ചിംഗ് സംവിധാനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ആദ്യ സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനമാണ് കളക്ടറേറ്റിൽ ആരംഭിച്ചത്. 150 ഓളം ജീവനക്കാർക്കായി 4 പഞ്ചിംഗ് മെഷീനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ സൗകര്യപ്രദമായ ഏത് മെഷീനിലും ജീവനക്കാർക്ക് ഹാജർ രേഖപ്പെടുത്താം. ആധാർ നമ്പറിന്റെ അവസാനത്തെ 8 അക്ക നമ്പർ അറ്റൻഡൻസ് ഐ.ഡിയായി രേഖപ്പെടുത്തിയാണ് ഓരോരുത്തരും പഞ്ച് ചെയ്യുന്നത്. ബയോമെട്രിക് തിരിച്ചറിയൽ കാർഡ് ലഭിക്കുന്നത് വരെ അറ്റൻഡൻസ് ഐ.ഡി. ഉപയോഗിച്ചാണ് പഞ്ചിംഗ് രേഖപ്പെടുത്തേണ്ടത്.
ആകെയുള്ള 135 ജീവനക്കാരിൽ മറ്റ് ഡ്യൂട്ടികൾക്കായി നിയോഗിച്ച 7 പേരും അവധിയിലുള്ള 11 പേരും ഒഴികെ 117 പേർ പഞ്ചിംഗ് മുഖേന ഇന്നലെ ഹാജർ രേഖപ്പെടുത്തി.
എ.ഡി. എം ഷൈജു പി. ജേക്കബ് ,ഡെപ്യൂട്ടി കളക്ടർമാർ,ഹുസൂർ ശിരസ്തദാർ, കളക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.