റബ്ബര്‍, ആയുര്‍വേദം, ഉത്പാദന മേഖലകളില്‍ കേരളവുമായി സഹകരണം ഉറപ്പ് വരുത്തി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ എന്‍എസ്ഡബ്ലിയു മുന്‍ പ്രതിപക്ഷ നേതാവും കാബിനറ്റ് മന്ത്രിയുമായ ജോഡി മക്കേ പങ്കെടുത്ത കൂടിക്കാഴ്ചയിലാണ് തീരുമാനം. ഓസ്ട്രേലിയ-ഇന്ത്യ സാമ്പത്തിക സഹകരണ-വ്യാപാര കരാറിന്റെ സാധ്യതകള്‍ കേരളത്തില്‍ നടപ്പാക്കാന്‍ ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലുമായി നടന്ന ചര്‍ച്ചയിലാണ് കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയില്‍ കുതിപ്പുണ്ടാക്കുന്ന തീരുമാനങ്ങളുണ്ടായത്. കേരളത്തിലെ 30 പ്രധാന വ്യവസായ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
റബര്‍ വ്യവസായം,ആരോഗ്യ സംരക്ഷണം, വെല്‍നെസ്, ഉത്പാദന മേഖല, ഭക്ഷ്യ സംസ്‌ക്കരണം, ആയുര്‍വേദം എന്നി മേഖലകളില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കേരളവുമായി സഹകരിക്കാന്‍ ധാരണയായി. കേരളവും ഓസ്‌ട്രേലിയയും തമ്മില്‍ കൂടുതല്‍ വ്യാപാര- വ്യവസായിക സഹകരണസാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളെ ഓസ്‌ട്രേലിയയിലേക്ക് ജോഡി മക്കേ ക്ഷണിച്ചിട്ടുണ്ട്.